ദില്ലി (www.mediavisionnews.in):ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് 5 ശതനമായിട്ടാണ് കുറച്ചത്. ഇലക്‌ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്കുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു. 36ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇറക്കുന്ന ഇലക്‌ട്രിക് ബസുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടി സിഎംപി-02 ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. നേരത്തെ ജൂലൈ 31 ആയിരുന്നു. സപ്തംബര്‍ 30 ആണ് പുതുക്കിയ തിയ്യതി. ജിഎസ്ടി സിഎംപി-8 ഫയല്‍ ചെയ്യാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. ജൂണിലെ പാദവാര്‍ഷികത്തിലെ ഫയലിങ് സമയപരിധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടിയത്.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച ജിഎസ്ടി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. ഇലക്‌ട്രോണിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് പലിശ അടച്ചവര്‍ക്ക് ആദായനികുതി കുറയ്ക്കണമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള നടപടികളും ഉടനുണ്ടാകും.
ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുമ്ബോഴുള്ള നികുതി സര്‍ക്കാര്‍ അടുത്തിടെ ഒഴിവാക്കിയിരുന്നു.