ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയില്‍ ശിവസേന എം.പി; ബീഫും മട്ടനും കൂടി ഉള്‍പ്പെടുത്തൂവെന്ന് സോഷ്യല്‍ മീഡിയ

0
185

ന്യൂദല്‍ഹി (www.mediavisionnews.in) :ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്.

ആയുര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.

കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആലോചിക്കണമെന്നുമായിരുന്നു മുതിര്‍ന്ന പാര്‍ലമെന്റ് അംഗം കൂടിയായ റാവത്ത് പറഞ്ഞത്. .

ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും തനിക്ക് ഒരു അനുഭവമുണ്ടെന്നും പറഞ്ഞായിരുന്നു എം.പി തുടര്‍ന്ന് സംസാരിച്ചത്.

‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയി. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം എനിക്ക് കൊണ്ടുവന്നു തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ആ വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും പറഞ്ഞു.

ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എം.പിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതെന്നും എത്ര വിചിത്രമായ പരാമര്‍ശമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

ചിക്കനും മുട്ടയും മാത്രം വെജിറ്റേറ്റിയന്‍ പട്ടികയില്‍പ്പെടുത്തിയാല്‍ പോരെന്നും ബീഫും മട്ടനും കൂടി വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here