കർണാടകയിൽ വിശ്വാസ വോട്ട് നേടി യെദിയൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ

0
173

കര്‍ണാടക: (www.mediavisionnews.in) കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച  വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. 

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. 

കോൺഗ്രസാകട്ടെ 99  അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ ജെഡിഎസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുംബൈയിലായിരുന്ന അഞ്ച് വിമതര്‍ ഇന്ന് രാവിലെ ബംഗലൂരുവിൽ എത്തിയിട്ടുമുണ്ട്.

ധനകാര്യ ബില്ലിന് ശേഷം രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ കെ ആർ രമേഷ് പറയുന്നതെങ്കിലും സ്പീക്കറെ മാറ്റുന്നതിനുള്ള പ്രമേയം ബിജെപി നിയമസഭയിൽ കൊണ്ടുവരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

അതിനിടെ വിമത എംഎൽഎമാര്‍ അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും.  സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here