കര്‍ണാടകയില്‍ സര്‍ക്കാറിന് വീണ്ടും തിരിച്ചടി: സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ചു; സര്‍ക്കാറിനുളള പിന്തുണ പിന്‍വലിച്ചു

0
196

ബെംഗളുരു(www.mediavisionnews.in): കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി സ്വതന്ത്ര എം.എല്‍.എയും മന്ത്രിസ്ഥാനം രാജിവെച്ചു. സ്വതന്ത്ര എം.എല്‍.എയായ എച്ച്. നാഗേഷ് ഗവര്‍ണര്‍ വിജുഭായ് വാലയാണ് രാജിവെച്ചത്.

മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഗവര്‍ണറെ കണ്ടാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. നാഗേഷ് ഇപ്പോള്‍ രാജ്ഭവനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 എം.എല്‍.എമാരുടെ പിന്തുണയാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നത്.

നേരത്തെ എച്ച്. നാഗേഷിനെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചാണ് അദ്ദേഹം പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ വിമത എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രകാരം മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങുകയാണ് നേതൃത്വം.
കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നുമാണ് പരമേശ്വര പറഞ്ഞത്.

നേതൃമാറ്റമില്ലാതെ പ്രശ്നം പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരുമായും പരമേശ്വര ചര്‍ച്ച നടത്തുന്നുണ്ട്.

രാവിലെ 10 മണിക്ക് ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാമലിംഗ റെഡ്ഡി, എസ്. ടി സോമശേഖര്‍, ബി. സി പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും എച്ച്. ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.

അതിനിടെ എം.എല്‍.എ സ്ഥാനം രാജിവെച്ച രാമലിംഗയുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചര്‍ച്ച നടത്തി. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് കൂടിക്കാഴ്ച. രാജിയില്‍ നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം റെഡ്ഢിയോട് ആവശ്യപ്പെട്ടു.

അമേരിക്കയിലായിരുന്ന കുമാരസ്വാമി ഇന്നലെ രാത്രിയാണ് തിരികെയെത്തിയത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഞായറാഴ്ച രാത്രി കുമാരസ്വാമി ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു.

അതേസമയം, എം.എല്‍.എമാരുടെ കൂട്ടരാജിയ്ക്ക് പിന്നില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ ആരോപിച്ചു.സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എമാര്‍ വിമതരായതെന്നും ദേവഗൗഡ ഡി.കെ ശിവകുമാറുമായുള്ള യോഗത്തിലും ആവര്‍ത്തിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here