ചണ്ഡിഗഡ്: (www.mediavisionnews.in) രാജ്യ ശ്രദ്ധ നേടിയ കത്വ കേസിന്‍റെ നിയമയുദ്ധം പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക്. ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ പത്താൻ കോട്ട് വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗം സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. പെൺകുട്ടിയുടെ പിതാവിനു വേണ്ടി അഡ്വ: മുബീൻ ഫാറൂഖിയാണ് ആദ്യ ദിവസം ഹൈക്കോടതിയിൽ ഹാജരായത്.
കേസ് വാദം കേൾക്കാനായി 18ലേക്ക് മാറ്റിയ കോടതി കശ്മീർ സർക്കാറിന് നോട്ടീസയച്ചു. നേരത്തെ വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കശ്മീർ ഭരണകൂടത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് പ്രോസിക്യുഷൻ ടീം.
അതേസമയം പെൺകുട്ടിയുടെ പിതാവിന് വേണ്ടി അപ്പീൽ സമർപ്പിക്കുമെന്ന് അഡ്വ.മുബീൻ ഫാറൂഖി അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പിന്തുണയോടെ മുതിർന്ന അഭിഭാഷകരെ തന്നെ ഹൈക്കോടതിയിലും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ എന്നിവരടങ്ങുന്ന നേതൃസംഘം ചണ്ഡിഗഡിലെത്തിയിരുന്നു. മുബീൻ ഫാറൂഖിയോടൊപ്പം മുതിർന്ന അഭിഭാഷകരായ രാജ്വീന്ദർ സിംഗ് ബയസ്, ജഗ് മോഹൻ സിംഗ് ഭട്ടി എന്നിവരെ നേതാക്കൾ നേരിൽ കണ്ട് ചർച്ച നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ രണ്ടംഗ ഡിവിഷൻ ബഞ്ച് മുമ്പാകെ കത്വ പെൺകുട്ടിയുടെ പിതാവിന് വേണ്ടി ഹാജരാവുക.
കത്വ നിയമ പോരാട്ടത്തിന്റെ അന്തിമ ഘട്ടം വരെ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ വ്യക്തമാക്കി. ഹൈക്കോടതിയിലും പൂർണ സജ്ജരായ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും സുബൈര്‍ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.