ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 11 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കി. സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. 11 പേര്‍ രാജിവെച്ചെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നാളെ അവധിയായതിനാല്‍ തിങ്കളാഴ്ച രാജിവെച്ചവരെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.സി പാട്ടീല്‍, എച്ച്. വിശ്വനാഥ്, നാരായണ്‍ ഗൗഡ, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതല്ലി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സ്പീക്കറുടെ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയത്. സ്പീക്കറെ ഏറെനേരം കാത്തിരുന്നെങ്കിലും കാണാനാകാത്തതിനാലാണ് രാജി നല്‍കിയത്. തന്റെ നിര്‍ദേശപ്രകാരമാണ് സെക്രട്ടറി രാജിക്കത്ത് വാങ്ങിയതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
അതിനിടെ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കോണ്‍ഗ്രസ് കിണഞ്ഞുശ്രമിക്കുകയാണ്. രാജി സമര്‍പ്പിക്കാനെത്തിയ എം.എല്‍.എമാരില്‍ മൂന്നുപേരെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ എത്തി അനുനയിപ്പിച്ച് തിരികെക്കൊണ്ടുപോയി. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ശിവകുമാറിനൊപ്പം സ്പീക്കറുടെ ഓഫീസില്‍ നിന്നും രാജി നല്‍കാതെ തിരികെപ്പോയത്.
11 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിയമസഭയില്‍ കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഭൂരിപക്ഷം പോകുമെന്നുറപ്പാണ്. ഇതോടെ പുതിയ എം.എല്‍.എമാരെ ഒപ്പംചേര്‍ത്ത് 105 അംഗങ്ങളുള്ള ബി.ജെ.പി ഭരണത്തിലേറാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു.
സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജിസമര്‍പ്പിച്ചിരിക്കുന്നത്. രാജിവച്ച് സര്‍ക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നും സൂചനകളുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.