മാഞ്ചസ്റ്റര്‍ (www.mediavisionnews.in): ‘നിങ്ങൾ എന്താണ് എന്നതല്ല, ജീവിതത്തിൽ നിങ്ങൾ എന്താണു ചെയ്യുന്നത് എന്നതാണ് നിങ്ങളുടെ സ്വഭാവത്തെ നിർണയിക്കുന്നത്. പാക്കിസ്ഥാൻ സെമിയിൽ കടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. പക്ഷേ ഒന്നുണ്ട്. ചില ചാംപ്യൻമാരുടെ സ്പോർട്സ്മാൻ സ്പിരിറ്റാണ് പരീക്ഷിക്കപ്പെട്ടത്. അവർ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു..’
ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിന്റെ ഹാഷ്ടാഗോടു കൂടി മൽസരത്തിനു പിന്നാലെ മുൻ പാക്കിസ്ഥാൻ താരം വഖാർ യൂനിസ് ട്വിറ്ററിൽ കുറിച്ച വാക്കുകളിലുണ്ട് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവിയോടുള്ള പാക്കിസ്ഥാന്റെ മൊത്തം പ്രതികരണം! പാക്കിസ്ഥാനെ പുറത്താക്കുന്നതിനായി ഇന്ത്യ ഒത്തുകളിച്ചതാണെന്ന ഗുരുതര ആരോപണമുയർത്തി പാക്കിസ്ഥാൻ മന്ത്രിയായ അലി ഹൈദർ സയീദിയും രംഗത്തെത്തി. ഇതേക്കുറിച്ച് ഐസിസി മൗനം പാലിക്കുന്നുവെന്നും സയീദി ട്വിറ്ററിൽ ആരോപണമുന്നയിച്ചു.
ഇംഗ്ലണ്ടിനെതിരായ മൽസരം ഇന്ത്യ ജയിക്കേണ്ടത് ഇന്ത്യയേക്കാൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ ആവശ്യമായിരുന്നു. സെമിഫൈനൽ പ്രവേശം എന്ന സ്വപ്നത്തിലേക്ക് ചിറകു വിടർത്താൻ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്ക് ഇന്ത്യയുടെ വിജയമായിരുന്നു വേണ്ടത്. ഇന്ത്യയുടെ വിജയത്തിനായി പാക്കിസ്ഥാൻ ആരാധകർ പ്രാർഥിക്കുന്ന ഈ പ്രത്യേക സ്ഥിതിവിശേഷത്തെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തന്നെ ടോസിനു പിന്നാലെ പരാമർശിക്കുകയും ചെയ്തു.
പാക്കിസ്ഥാനെ പുറത്താക്കുന്നതിന് ഇന്ത്യ മനഃപൂർവം തോറ്റുകൊടുക്കാൻ സാധ്യതുണ്ടെന്ന് മൽസരത്തിനു മുൻപുതന്നെ മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി അഭിപ്രായപ്പെട്ടിരുന്നു. സെമിയിൽ കടക്കാൻ പാക്കിസ്ഥാനെ സഹായിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിക്കണമെന്ന ആവശ്യവുമായി മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തറും രംഗത്തെത്തി.
കളത്തിൽ പക്ഷേ, എല്ലാം കൈവിട്ടുപോയി. ടൂർണമെന്റിലാദ്യമായി ഇന്ത്യൻ ബോളർമാർ നിരായുധരായിപ്പോയ മൽസരത്തിൽ, ബാറ്റ്സ്മാൻമാർക്കും വിശ്വസനീയമായ വിജയതൃഷ്ണ കാട്ടാനായില്ല. സ്വാഭാവികമായും ഇന്ത്യ മനഃപൂർവം കളി തോറ്റുകൊടുത്തു എന്ന രീതിയിലാണ് പാക്കിസ്ഥാനിലെ പൊതുവികാരം. മന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും തുടങ്ങി സാധാരണ ആരാധകർ വരെ പ്രകടിപ്പിക്കുന്നത് ഇതേ വികാരം തന്നെ.
∙ ചില പ്രതികരണങ്ങളിലൂടെ..
∙ പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ ഭയമാണ് ഇന്നത്തെ മൽസരത്തെ അവർ സമീപിച്ച രീതി വെളിപ്പെടുത്തുന്നത്. കുറഞ്ഞപക്ഷം കമന്ററി ബോക്സിൽ ഇക്കാര്യം തുറന്നു പറയാനെങ്കിലുമുള്ള ആർജവം കാണിച്ച സൗരവ് ഗാംഗുലിക്ക് അഭിനന്ദനം – പാക്കിസ്ഥാൻ മന്ത്രിയും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുപ്പക്കാരനുമായ അലി ഹൈദർ സയീദി കുറിച്ച വാക്കുകൾ.
ഒരു കടുത്ത പാക്കിസ്ഥാൻ ആരാധകനെന്ന നിലയിൽ എന്റെ ടീം സെമി കളിക്കുന്നതു കാണാനുള്ള ആഗ്രഹം കൊണ്ടാണോ, അതോ ഇന്ത്യ ഈ മൽസരം ജയിക്കാനല്ല കളിക്കുന്നത് എന്നത് കൂടുതൽ വ്യക്തമാകുന്നതുകൊണ്ടാണോ? രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള ബാറ്റിങ് ലൈനപ്പുകളിലൊന്ന് സിംഗിൾ നേടാൻ മൽസരിക്കുന്നു…!
ഇന്ത്യ–ഇംഗ്ലണ്ട് മൽസരം ഒത്തുകളിയല്ലെങ്കിൽ ഈ കമന്റേറ്റർമാർ എന്തിനാണ് ഇത്ര വികാരഭരിതരാകുന്നത്? ഈ കളിയെ വിശദീകരിക്കാൻ എനിക്കു വാക്കുകളില്ല എന്ന് സൗരവ് ഗാംഗുലി. ജയിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്യൂവെന്ന് നാസർ ഹുസൈൻ. ക്രിക്കറ്റിനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ വേദിയായ ലോകകപ്പിലാണ് ഇതൊക്കെ സംഭവിക്കുന്നത്. അതും ഐസിസിയുടെ മൂക്കിനു താഴെ. ലജ്ജാകരം… – പാക്കിസ്ഥാനി മാധ്യമപ്രവർത്തകനായ കഷിഫ് അബ്ബാസി ട്വിറ്ററിൽ.
∙ ബാസിത് അലി ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ വേണ്ടവിധം ചെവികൊടുത്തിരുന്നില്ല. എന്നാൽ, പാക്കിസ്ഥാൻ സെമി കാണാതെ പുറത്താകുന്നതിനായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തോറ്റുകൊടുക്കുമെന്ന് സിക്കന്ദർ ബക്ത് പറഞ്ഞപ്പോൾ അതു ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണെന്ന് ഇതാ തെളിഞ്ഞിരിക്കുന്നു – പാക്കിസ്ഥാനി മാധ്യമപ്രവർത്തകനായ ഹമീദ് മിർ ട്വിറ്ററിൽ. (പാക്കിസ്ഥാന്റെ മുൻ താരവും കളിയെഴുത്തുകാരനുമാണ് സിക്കന്ദർ ബക്ത്. അതേസമയം, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഹമീദ് മിറിന്റെ ട്വീറ്റിന് ബക്ത് മറുപടി നൽകിയിട്ടുണ്ട്.)
അതിനിടെ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയ പാക്കിസ്ഥാൻ ആരാധകരുമുണ്ട്. ‘ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യമല്ല’ എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ ‘കുത്ത്’.
വ്യത്യസ്തൻ, ശുഐബ് അക്തർ
എന്നാൽ, മൽസര ഫലത്തെക്കുറിച്ച് തീർത്തും വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തെത്തിയ ഒരാളുണ്ട്. സാക്ഷാൽ ശുഐബ് അക്തർ. സെമിയിൽ കടക്കാൻ പാക്കിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മൽസരത്തിനു മുൻപേ രംഗത്തെത്തിയ അക്തർ, മൽസരശേഷം ക്രിയാത്മകമായാണ് പ്രതികരിച്ചത്. ഇന്ത്യ ആത്മാർഥമായി ശ്രമിച്ചിട്ടും തോറ്റെന്നായിരുന്നു അക്തറിന്റെ പ്രതികരണം.
‘വിഭജനത്തിനു ശേഷം ആദ്യമായിട്ടായിരിക്കും ഇന്ത്യയുടെ വിജയത്തിനായി പാക്കിസ്ഥാൻകാർ പ്രാർഥിച്ചത്. കളി ജയിക്കാൻ ഇന്ത്യ ആത്മാർഥമായി ശ്രമിച്ചു എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, വിജയത്തിലൂടെ പാക്കിസ്ഥാനെ സഹായിക്കാൻ അവർക്കായില്ല’ – തന്റെ യുട്യൂബ് ചാനലിലൂടെ അക്തർ പ്രതികരിച്ചു.
‘കൈവശം അഞ്ചു വിക്കറ്റ് ഉണ്ടായിരുന്നതിനാൽ ഇന്ത്യ അടിച്ചുകളിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതുണ്ടായില്ല. ഇന്ത്യ വളരെ പതുക്കെയാണ് കളിച്ചത്. എന്തായാലും ഇന്ത്യ ജയിക്കണമെന്ന് നാം ആഗ്രഹിച്ചിരുന്നു. മാത്രമല്ല, വിഭജനത്തിനുശേഷം ആദ്യമായി നാം അവരെ പിന്തുണയ്ക്കുകയും ചെയ്തു. ഈ മൽസരത്തിൽ ഇന്ത്യയ്ക്കായി ആരു മികച്ച പ്രകടനം നടത്തിയാലും അവർ നമ്മുടെയും ഹീറോ ആകുമായിരുന്നു’ – അക്തർ ചൂണ്ടിക്കാട്ടി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.