കാസർകോട് (www.mediavisionnews.in): ഉപ്പള സോങ്കാൽ പുളികുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു.
ബന്തിയോട് കുക്കാറിലെ ഷബീർ മൊയ്തീ(33)നെ ഇന്ന് ഹാജരാകണമെന്ന് കാണിച്ചാണ് കാസർകോട് ഫാസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മംഗളൂരു സബ് ജയിൽ അധികൃതർക്ക് വാറണ്ടയച്ചത്. കഴിഞ്ഞമാസം 23ന് ആണ് അൽത്താഫിനെ ഷബീറിന്റെ നേതൃത്വത്തിൽ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മാരകമായി മുറിവേൽപ്പിച്ച ശേഷം ദേർളക്കട്ട ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ഷബീറും കൂട്ടാളികളും ഒളിവിൽ പോയി.
തിരച്ചിൽ തുടരുന്നതിനിടയിൽ ഷബീർ മറ്റൊരു കേസിൽ ബണ്ട്വാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് മുന്നോടിയായി പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ പോലീസ് കോടതിയെ സമീപിച്ചത്.
കോടതിയിൽ ഹാജരാകുന്ന മുറയ്ക്ക് അൽത്താഫ് കൊലക്കേസിൽ ഷബീറിന്റെ അറസ്റ്റു രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു.
ഷബീർ മൊയ്തീന്റെ ഭാര്യയുടെ രണ്ടാനച്ഛനാണ് കൊല്ലപ്പെട്ട അൽത്താഫ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.