‘അംഗത്വം പെരുപ്പിച്ച് കാണിക്കുന്നു’; സംസ്ഥാന ഘടകങ്ങളെ പേടിച്ച് പുതിയ തന്ത്രവുമായി ബി.ജെ.പി ദേശീയ നേതൃത്വം

0
244

ന്യൂദല്‍ഹി (www.mediavisionnews.in)  : സംസ്ഥാന ഘടകങ്ങള്‍ പാര്‍ട്ടി അംഗത്വം പെരുപ്പിച്ചു കാണിക്കുന്നതു തടയാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി ദേശീയ നേതൃത്വം. അംഗത്വം എടുക്കുന്നവരുടെ ‘ഓണ്‍ സ്‌പോട്ട് വേരിഫിക്കേഷന്‍’ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

അംഗത്വം എടുക്കുന്നവര്‍ അതിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന ഐ.ഡി പ്രൂഫും അഡ്രസ്സ് പ്രൂഫും നല്‍കണം. അത് വോട്ടര്‍ ഐ.ഡി കാര്‍ഡോ ആധാര്‍ കാര്‍ഡോ ആകാം. അംഗത്വം എടുക്കുന്ന എല്ലാവരെയും വീട്ടില്‍പ്പോയി കണ്ട് ഉറപ്പുവരുത്തുകയും ചെയ്യും. ശനിയാഴ്ച മുതലാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. അന്നാണ് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷികം.

നിലവില്‍ മിസ്സ് കോള്‍ അടിച്ചും ബി.ജെ.പിയില്‍ അംഗത്വം എടുക്കാം. അങ്ങനെ എടുക്കുന്ന വ്യക്തിയുടെ വിവരം അപ്പോള്‍ത്തന്നെ ബി.ജെ.പി തങ്ങളുടെ വെബ്‌സൈറ്റില്‍ ചേര്‍ക്കും. ഒരിക്കല്‍ മിസ്സ് കോള്‍ അടിക്കുന്ന വ്യക്തിക്ക് നന്ദിസൂചകമായുള്ള സന്ദേശം മിസ്സ് കോള്‍ അടിക്കുന്ന നമ്പരില്‍ എസ്.എം.എസായി ലഭിക്കും.

ഇനിമുതല്‍ ഈ നമ്പരിലേക്ക് ഔദ്യോഗികമായി വിളിക്കുകയും ആ വ്യക്തിയുടെ ലൊക്കേഷന്‍ മനസ്സിലാക്കി അയാളെ വ്യക്തിപരമായി കാണാന്‍ സംസ്ഥാന നേതൃത്വങ്ങളോട് നിര്‍ദേശിക്കുകയും ചെയ്യും. ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ മാത്രം ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും ഈ പ്രക്രിയക്ക് ഏറെ സമയം എടുക്കുമെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി എം.പി പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് പോളിങ് ബൂത്തുകളിലെ അംഗത്വത്തിന്റെ ഉത്തരവാദിത്വം ഒരു വിസ്താരകിനായിരിക്കും. ഈ വിസ്താരകരാണ് വീടുകളില്‍പ്പോയി അംഗത്വം ഉറപ്പിക്കേണ്ടത്.

രാജ്യത്താകെ 10 ലക്ഷം പോളിങ് ബൂത്തുകളുണ്ട്. അങ്ങനെ വരുമ്പോള്‍ രണ്ടുലക്ഷം വിസ്താരകര്‍ വേണ്ടിവരും. നിലവില്‍ 11 കോടി അംഗങ്ങളാണ് ബി.ജെ.പിയിലുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here