സൈറ വസീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ്

0
400

ന്യൂദല്‍ഹി (www.mediavisionnews.in): അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ ബോളിവുഡ് നടി സൈറ വസീമില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി.

സൈറയുടെ തീരുമാനം പ്രശംസനീയമാണെന്നും ഈ മാതൃക പിന്തുടരാന്‍ ഹിന്ദു നടിമാരും തയ്യാറാകണമെന്നും ചക്രപാണി ട്വിറ്ററില്‍ കുറിച്ചു.

സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈറ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’, സൈറ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ പറഞ്ഞിരുന്നു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും സൈറ പറഞ്ഞിരുന്നു.

ദംഗലിലെ അഭിനയത്തിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം സൈറ കരസ്ഥമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ് സൈറ ഒടുവില്‍ വേഷമിട്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here