വൈദ്യുതിപ്രതിസന്ധി: കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്

0
191

കൊച്ചി: (www.mediavisionnews.in)കേരളത്തിൽ രണ്ടോമൂന്നോ ദിവസത്തിനുള്ളിൽ മഴപെയ്തില്ലെങ്കിൽ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്ന് ഉറപ്പായി. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാൻ വൈദ്യുതിബോർഡ് നാലാംതീയതി യോഗംചേരും. അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്‌ഷെഡ്ഡിങ്ങിന്റെ സാധ്യതകൾ വിലയിരുത്തുമെന്ന് വൈദ്യുതിബോർഡ് പറഞ്ഞു. നിശ്ചിത ഇടവേളകളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അല്ലെങ്കിൽ ഈ ദിവസങ്ങളിൽ നല്ലമഴ കിട്ടണം.

വൈദ്യുതിയുണ്ട്, ലൈനില്ല

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇഷ്ടംപോലെ വൈദ്യുതി കിട്ടാനുണ്ടെങ്കിലും ഇതുകൊണ്ടുവരാൻ ലൈനില്ലാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. കൂടംകുളം-ഇടമൺ-കൊച്ചി ലൈൻ ഇക്കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നെങ്കിലും ഒരുസ്ഥലം കേസിൽപ്പെട്ടതുമൂലം വൈകുകയാണ്. കൊല്ലം ജില്ലയിലെ ഇടമൺ മുതൽ കൊച്ചി വരെയുള്ള 148 കിലോമീറ്ററിൽ 600-650 മീറ്ററിലാണ് തർക്കം. ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന് പണികൾ നടത്തുന്ന പവർഗ്രിഡ് കോർപ്പറേഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഒരുടവർ മാത്രം ഉൾക്കൊള്ളുന്ന ഇത്രയും സ്ഥലത്തിനായി അലൈൻമെന്റ് മാറ്റുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

കൂടംകുളം-ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ

കേരളത്തിന്റെ 15-20 വർഷത്തേക്കുള്ള വൈദ്യുതിആവശ്യം നിറവേറ്റാൻ കഴിയുന്നതാണ് കൂടംകുളം-ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ. കൊല്ലം-22കി.മീ., പത്തനംതിട്ട-47 കി.മീ., കോട്ടയം-51കി.മീ., എറണാകുളം-28കി.മീ. എന്നിങ്ങനെയാണ് ലൈൻ കടന്നുപോകുന്നത്.

കൂടംകുളം ആണവവൈദ്യുതിനിലയത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം ഇപ്പോൾ കൊണ്ടുവരുന്നത് കൂടംകുളം-തിരുനെൽവേലി-ഉദുമൽപേട്ട്-മാടക്കത്തറ ലൈനിലൂടെയാണ്. ഇടമൺ-കൊച്ചിയെക്കാൾ 250- ഓളം കിലോമീറ്റർ കൂടുതലാണിത്. പ്രസരണനഷ്ടം, വഴിമാറിവരുന്നതുകൊണ്ടുള്ള സാങ്കേതികപ്രശ്‌നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.

സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയാണ്. ഇപ്പോൾ 2900 മെഗാവാട്ട് കൊണ്ടുവരാനുള്ള ശേഷിയേ നമ്മുടെ ലൈനുകൾക്കുള്ളൂ. ഇടമൺ-കൊച്ചി ലൈൻ പൂർത്തിയായാൽ 1000 മെഗാവാട്ട്കൂടി കൊണ്ടുവരാൻ കഴിയും.

കേരളത്തിലെ പ്രധാന അന്തസ്സംസ്ഥാന ലൈനുകൾ

400 കെ.വി.ഡബിൾ സർക്യൂട്ട് ലൈനുകൾ

1. ഉദുമൽപേട്ട്-പാലക്കാട് 2. തിരുനെൽവേലി-പള്ളിപ്പുറം (തിരുവനന്തപുരം) 3. മൈസൂർ-അരീക്കോട് (മൂന്നിന്റെയും ഉടമസ്ഥർ പവർഗ്രിഡ് കോർപ്പറേഷൻ)

പ്രധാനപ്പെട്ട 220,110 കെ.വി. അന്തസ്സംസ്ഥാന ലൈനുകൾ

1.കണിയാംപറ്റ-കടകോള 2. ഇടുക്കി-ഉദുമൽപേട്ട് 3. ശബരിഗിരി-തേനി (മൂന്നും 220 കെ.വി.) 4. പാറശ്ശാല-കുഴിത്തുറ 5. മഞ്ചേശ്വരം-കൊനാജെ (രണ്ടും 110 കെ.വി.-അഞ്ചിന്റെയും ഉടമസ്ഥർ കെ.എസ്.ഇ.ബി.) ഇതിനൊപ്പമാണ് കൂടംകുളം-ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ കൂടി വരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here