മൊഗ്രാൽ: (www.mediavisionnews.in) കഠിന പ്രയത്‌നത്തിലൂടെ ലക്ഷ്യ പ്രാപ്തി കൈവരിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫൈറൂസ് ഹസീന. ഊണും ഉറക്കവും വെടിഞ്ഞുള്ള ഒരു വർഷത്തെ പരിശീലനം വഴി ഫൈറൂസ് ഹസീന നേടിയെടുത്തത് ചരിത്ര നേട്ടം.
കർണാടക സർക്കാർ നടത്തിയ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (സീറ്റ്) ഉന്നത റാങ്ക് കരസ്ഥമാക്കിയ (748) ഫൈറൂസ് ഹസീന ഇന്നലെ കർണാടകയിലെ പ്രശസ്ത മെഡിക്കൽ കോളേജായ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (HIMS) എം.ബി.ബി.എസിന് പ്രവേശനം നേടി. കേരള നീറ്റ് എൻട്രൻസ് പരീക്ഷയിൽ 3984ഉം ഓൾ ഇന്ത്യ നീറ്റിൽ 30099 റാങ്കും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്.
സാധാരണ കുടുംബത്തിൽ ജനിച്ച ഫൈറൂസ ചെറിയ ക്ലാസ്സ് മുതൽ തന്നെ പഠിത്തത്തിൽ ഏറെ മിടുക്കിയായിരുന്നു. ജവി.എച്ച്.എസ്.എസ് മൊഗ്രാലിൽ മലയാളം മീഡിയത്തിൽ പഠിച്ച് SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച ഫൈറൂസയുടെ ഈ നേട്ടത്തിന് തിളക്കമേറെയാണ്. മൊഗ്രാൽ സ്കൂളിനും ഇത് അഭിമാന മുഹൂർത്തമാണ്.
കുമ്പള ഗവ. സ്കൂളിൽ നിന്ന് സ്റ്റേറ്റ് സിലബസിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച ഫൈറൂസ കഴിഞ്ഞ ഒരു വർഷം പാലായിലെ എൻട്രൻസ് കോച്ചിംഗ് കേന്ദ്രത്തിൽ തീവ്ര പരിശീലനത്തിലായിരുന്നു.
സർക്കാർ സ്ഥാപനത്തിൽ മാത്രം പഠിച്ച് കഠിനാദ്ധ്വാനത്തിലൂടെ സർക്കാർ ക്വോട്ടയിൽ തന്നെ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഫൈറൂസയുടെ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്. സാമ്പത്തിക പ്രതിസന്ധിയെ പോലും അതിജീവിച്ച് കൊണ്ട് പരിപൂർണ്ണമായ പിന്തുണയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഫൈറൂസക്ക് ലഭിച്ചത്.
വിവിധ മേഖലകളിലായി നിരവധി പ്രതിഭകളെ വാർത്തെടുത്ത മൊഗ്രാൽ ഗ്രാമത്തിൽ നിന്നും നാടിന്റെ സ്വന്തം ഡോക്ടറായി ഫൈറൂസ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് മൊഗ്രാൽ നിവാസികൾ.
മൊഗ്രാൽ റഹ്മത്ത് നഗറിലെ ടൈൽസ് മുഹമ്മദ് കുഞ്ഞി-ജമീല ദമ്പതികളുടെ പുത്രിയാണ് ഫൈറൂസ് ഹസീന. ഹിംസിൽ അഡ്മിഷനാവശ്യമായ സർട്ടിഫിക്കറ്റുകൾ നേടിയെടുക്കാൻ GVHSS മൊഗ്രാൽ പി.ടി.എ പ്രസിഡന്റ് പി.എ ആസിഫ്, ബാംഗ്ലൂർ വരെ അനുഗമിച്ച് വേണ്ട സഹായങ്ങൾ ചെയ്ത് തന്നത് ഏറെ അനുഗ്രഹമായതായി പിതാവ് മുഹമ്മദ്‌കുഞ്ഞി പറഞ്ഞു.
അപൂർവ്വ നേട്ടം കൈവരിച്ച ഫൈറൂസ് ഹസീനയെ മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.