ന്യൂഡല്‍ഹി: (www.mediavisionnews.in) മുത്വലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാത്ത മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിനെതിരേ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കിയും വഹാബിനെതിരേ പോസ്റ്റിട്ടുമാണ് സൈബര്‍ പോരാളികള്‍ വിമര്‍ശിക്കുന്നത്.
രാജ്യസഭയില്‍ പ്രസംഗിക്കാന്‍ പേര് വിളിച്ച സമയത്ത് വഹാബ് സഭയില്‍ ഹാജരായിരുന്നില്ല. പിന്നീട് ചര്‍ച്ച അവസാനിച്ച് നിയമമന്ത്രി മറുപടി പറയുന്നതിനിടെയാണ് എത്തിയത്. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.
ചര്‍ച്ചയ്ക്കിടെ പേരുവിളിച്ച ഉപാധ്യക്ഷന്‍ വഹാബ് ഹാജരാകാത്തതിനാല്‍ അടുത്തയാള്‍ക്ക് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച അവസാനിച്ച ശേഷം കയറിവന്ന വഹാബ് സ്പീക്കര്‍ വെങ്കയ്യ നായിഡുവിനോട് അവസരം ചോദിച്ചെങ്കിലും അനുവദിച്ചില്ല. എന്നാല്‍ വോട്ടെടുപ്പ് നേരത്തെ നിശ്ചയിച്ച പ്രകാരം വൈകിട്ട് അഞ്ചിനു നടന്നിരുന്നുവെങ്കിലും വഹാബിന് വോട്ടു ചെയ്യാനും അവസരം ലഭിക്കുമായിരുന്നില്ല. പ്രസംഗം നേരത്തെ തയാറാക്കിയിരുന്നുവെന്നും അനാരോഗ്യം കാരണമാണ് സമയത്തിനെത്താന്‍ കഴിയാതെ പോയതെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.
അതേസമയം ബില്ലിനെതിരേ ആഞ്ഞടിച്ച് സി.പി.എമ്മിന്റെ എളമരം കരീം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്‍ കൊണ്ടുവരുന്നതെന്നും എളമരം കരീം രാജ്യസഭയില്‍ ചര്‍ച്ചയില്‍ പറഞ്ഞു. മുത്വലാഖിന് സി.പി.എം എതിരാണ്. എല്ലാ വ്യക്തി നിയമങ്ങളിലും പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. മുത്വലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദ് ചെയ്തതാണ്. കോടതി ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു ബില്ല്. ബില്ല് വിവേചനപരമാണെന്നും എളമരം കരീം സഭയില്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.