മതവികാരം വ്രണപ്പെടുത്തിയതിന് ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന ഉത്തരവ് ഒരുദിവസത്തിനുശേഷം തിരുത്തി കോടതി

0
477

റാഞ്ചി: (www.mediavisionnews.in) സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിക്ക് ജാമ്യത്തിനുള്ള ഉപാധിയായി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച കോടതി പിറ്റേദിവസം നിലപാട് മാറ്റി. യുവതിക്ക് സാധാരണ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു.

7000 രൂപയുടെ ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരെയും ഹാജരാക്കിയാല്‍ യുവതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവിട്ടത്.

നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ‘ഖുര്‍ആന്‍ വിതരണം’ എന്ന നിബന്ധന മാറ്റിനല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാര്‍ സിങ് ഉത്തരവില്‍ മാറ്റംവരുത്തിയത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതിയോടാണ് ഖുര്‍ആന്‍ വാങ്ങി വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. ഖുര്‍ആനില്‍ ഒരെണ്ണം അന്‍ജുമാന്‍ ഇസ്ലാമിയ കമ്മിറ്റിക്കും ബാക്കി നാലെണ്ണം വിവിധ സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കും നല്‍കാനായിരുന്നു നിര്‍ദേശം.

ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് റിച്ചയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സന്ദേശങ്ങള്‍ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

റിച്ചയുടെ അറസ്റ്റിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇരുമത വിഭാഗങ്ങളിലേയും നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് റിച്ചക്ക് കോടതി ജാമ്യം നല്‍കിയത്. ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന വിധിക്കെതിരെ ഹിന്ദു സംഘടനകളും ബി.ജെ.പി നേതാക്കളും കോടതിക്ക് പുറത്തു പ്രതിഷേധിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here