മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാർത്ഥിയെ കണ്ടെത്തി. മംഗളൂരുവിൽ നിന്നാണ് വിദ്യാർത്ഥിയെ തിരികെ കിട്ടിയത്. വോർക്കാടി കോളിയൂരിലെ അബൂബക്കറിന്റെ മകൻ ഹാരിസിനെയാണ് തിരികെ കിട്ടിയത്. തട്ടിക്കൊണ്ടു പോയവർ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഹാരിസിനെ കൊണ്ടുവരാൻ പൊലീസ് സംഘം മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.
ഹാരിസിന്റെ അമ്മാവൻ ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വർണഇടപാടിലെ തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർപ്പായതിനെ തുടർന്നാണ് വിദ്യാർത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന. തട്ടിക്കൊണ്ടു പോയി മൂന്ന് ദിവസം കഴിഞ്ഞാണ് ഹാരിസ് പുറംലോകം കാണുന്നത്.
സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോർക്കാടി കോളിയൂരിൽ വച്ച് കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാൻ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ശബ്ദ സന്ദേശം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും കണ്ടെത്താനായിട്ടില്ല. എന്നാൽ സാമ്പത്തിക ഇടപാടുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാർ പറയുന്നത്. ഹാരിസിന്റെ അമ്മാവന്റെ മകനെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ആളുമാറി അനന്തരവനായ ഹാരിസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.