മംഗളൂരു: (www.mediavisionnews.in) ഡ്രൈവറെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഗുണ്ടാ തലവൻ ഭവിത് രാജി(36)നെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിയുതിർത്തത്. ഒപ്പമുണ്ടായിരുന്ന മറ്റുപ്രതികളായ സന്ദേശ്, സനത് എന്നിവർ രക്ഷപ്പെട്ടു.
സംഘത്തിന്റെ ആക്രമണത്തിൽ കങ്കനാടി സ്റ്റേഷനിലെ കോൺസ്റ്റബിൾ വിനോദിന് പരിക്കേറ്റു. അക്രമം നടത്തുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്കിന്റെ ഉടമ അശ്വന്തിനെയും കണ്ടെത്താനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. കഴിഞ്ഞദിവസം രാവിലെ കുലശേഖര സിൽവർ ഗേറ്റ് പരിസരത്ത് വാൻ തടഞ്ഞ് ഡ്രൈവർ ഉലൈബെട്ടുവിലെ ഫറൂഖിനെ(32)യാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് 70,000 രൂപ തട്ടിയെടുത്തത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ കാറിൽ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച കങ്കനാടി സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അഡ്യാറിലെ ഇടുങ്ങിയ റോഡിൽ കാർ തടഞ്ഞു. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നു പേർ കത്തി, വാൾ തുടങ്ങിയവയുമായി പോലീസിനെ ആക്രമിക്കുകയായിരുന്നു. ആത്മരക്ഷാർഥം പോലീസ് വെടിവെച്ചതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. വെടിയേറ്റ് പരിക്കേറ്റ ഭവിത് രാജിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരേ എട്ട് കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. സന്ദേശ് രണ്ടുക്രിമിനൽ കേസുകളിലും ബഷീർ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കേസിലും പ്രതിയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.