മംഗളുരു-കാസർകോട് ദേശീയ പാതയിൽ പാതാളക്കുഴികൾ

0
226

കുമ്പള (www.mediavisionnews.in)  :ദേശീയപാത യാത്രക്കാര്‍ക്കു പേടി സ്വപ്‌നമാവുന്നു. മഴ കനത്തതോടെ മംഗലാപുരം- കാസര്‍കോട്‌ ദേശീയപാതയുടെ തകര്‍ച്ച പൂര്‍ണമായി. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ജില്ലയുടെ ഗതാഗത സംവിധാനത്തെ നിശ്ചലമാക്കുന്നു.

ജില്ലയിലെ ദേശീയപാത വികസനത്തില്‍ അധികൃതര്‍ വരുത്തിയ വീഴ്‌ചയുടെഫലമാണ്‌ യാത്രക്കാര്‍ ഇന്ന്‌ അനുഭവിക്കുന്നത്‌. ജില്ലയുടെ ജീവനാഡിയായ ദേശീയപാത സമയബന്ധിതമായി വിപുലീകരിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയ്യാറായില്ല. ഇത്‌ പൂര്‍ണ്ണമായ റോഡ്‌ തകര്‍ച്ചയ്‌ക്ക്‌ കാരണമായി.

റോഡുകള്‍ എത്ര മോശമായ കാലാവസ്ഥയിലായാലും സഞ്ചാരയോഗ്യമാക്കണമെന്ന്‌ കോടതികള്‍ പല തവണ നിര്‍ദ്ദേശിച്ചിട്ടും ബന്ധപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കാത്തതാണ്‌ ഗതാഗത പ്രതിസന്ധിക്കു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷ കാലങ്ങളിലെ പതിവ്‌ തെറ്റിക്കാതെ ജില്ലയിലെ റോഡുകള്‍ ഇത്തവണയും മരണ കുഴികള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. കുഴി വഴികളിലൂടെയുള്ള യാത്രചെയ്‌ത്‌ യാത്രക്കാര്‍ക്ക്‌ നടുവൊടിയുകയാണ്‌.

വെള്ളം ഒഴുകി പോകാന്‍ സൗകര്യം ഇല്ലാത്തതാണ്‌ ജില്ലയിലെ റോഡ്‌ തകര്‍ച്ചയ്‌ക്ക്‌ മുഖ്യ കാരണമാകുന്നത്‌. ഓവുചാലുകളൊക്കെ അടഞ്ഞുകിടന്ന്‌ വെള്ളം റോഡിലൂടെയാണ്‌ ഒഴുകുന്നത്‌. മഴയ്‌ക്ക്‌ മുമ്പ്‌ ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതും അധികൃതരുടെ അനാസ്ഥയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

റോഡ്‌ നിര്‍മാണത്തിലെ അശാസ്‌ത്രീയതയാണ്‌ മറ്റൊരു പ്രശ്‌നം. വാഹനങ്ങളുടെ എണ്ണമോ അവ വഹിക്കുന്ന ഭാരമോ കണക്കിലെടുക്കുന്നില്ല. അടിത്തറ പോലുമില്ലാതെ നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക്‌ അല്‌പായുസ്സ്‌ ആണുള്ളത്‌. ഗുണനിലവാര പരിശോധനകളില്ലാത്തതും അഴിമതിയും റോഡുകള്‍ക്ക്‌ ഗ്യാരണ്ടി ഇല്ലാത്തതും റോഡുകളുടെ തകര്‍ച്ച പൂര്‍ണമാക്കുന്നു. അതിനിടെ നിര്‍മാണത്തിലെ അപാകതകളും താല്‍ക്കാലിക അറ്റകുറ്റപ്പണികളും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന വിലയിരുത്തല്‍ നേരത്തെയുണ്ട്‌.

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ക്വാളിറ്റി കണ്‍ട്രോളര്‍ ലാബ്‌ ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. നിലവിലുള്ള റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനോടൊപ്പം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സര്‍ക്കാര്‍ നേരത്തെ പദ്ധതിക്കു രൂപം നല്‍കിയിരുന്നത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here