ഭക്ഷണം വ്യായാമത്തിന് മുമ്പോ അതോ ശേഷമോ? ഏതാണ് ശരിയായ രീതി?

0
280

കൊച്ചി (www.mediavisionnews.in): ശരീരം ‘ഫിറ്റ്’ ആക്കുക എന്നതിനെക്കാളുപരി, വണ്ണം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് മിക്കവരും വ്യായാമം ചെയ്യുന്നത്. അതായത്, ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിക്കിക്കുന്ന കൊഴുപ്പിനെ പുറത്താക്കുക- എന്നതായിരിക്കംു ലക്ഷ്യം. 

ഇത്തരക്കാര്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണകാര്യം. പ്രധാനമായും രാവിലെകളില്‍ വ്യായാമം ചെയ്യുന്നവരാണ് ഭക്ഷണകാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. രണ്ട് തരത്തിലാണ് സാധാരണഗതിയില്‍ രാവിലെകളില്‍ ആളുകള്‍ വ്യായാമം ചെയ്യാറ്. 

ഒന്ന് ഒഴിഞ്ഞ വയറോടെ, രണ്ട്, ഭക്ഷണശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ്. ഇതില്‍ ഏതാണ് ശരിയായ രീതിയെന്ന കാര്യത്തില്‍ പലപ്പോഴും വാഗ്വാദങ്ങളുണ്ടായിക്കാണാറുണ്ട്. യുകെയിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത്’ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. 

വണ്ണം കൂടുതലുള്ള ഒരു സംഘം ആളുകളെ വച്ചുകൊണ്ടായിരുന്നു ഇവരടെ പഠനം. പ്രഭാതഭക്ഷണത്തിന് മുമ്പായി വ്യായാമം ചെയ്യുന്നവരിലും, അതിന് ശേഷം വ്യായാമം ചെയ്യുന്നവരിലും കൊഴുപ്പിന്റെ അളവ് കുറയുന്നതില്‍ ഗണ്യമായ വ്യത്യാസം ഇവര്‍ കണ്ടെത്തി. അതായത്, ഭക്ഷണശേഷം വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഭക്ഷണത്തിന് മുമ്പേ വ്യായാമം ചെയ്യുന്നവരിലാണത്രേ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയത്. 

അതേസമയം, അല്‍പം കഠിനമായ വര്‍ക്കൗട്ട് ചെയ്യുന്നവരാണെങ്കില്‍ അത് ഭക്ഷണശേഷമായാലും കുഴപ്പമില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം കഠിനമായ വര്‍ക്കൗട്ടുകള്‍ക്ക് അതിനനുസരിച്ചുള്ള ഊര്‍ജ്ജം ആവശ്യമാണ്. അതുപോലെ ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം മാത്രമേ ഏത് തരം വ്യായാമവും ചെയ്യാന്‍ പാടുള്ളൂ എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സംശയം നേരിടുന്ന പക്ഷം, പരിശീലകനെയോ, ഫിസീഷ്യനെയോ കണ്ട് അത് പരിഹരിച്ച് തന്നെ മുന്നോട്ടുപോകുന്നതായിരിക്കും ഏറ്റവും നല്ലത്. 

കൂടാതെ, വ്യായാമം ചെയ്യുമ്പോള്‍- അത് നടത്തമോ ഓട്ടമോ, എന്ത് തന്നെയാണെങ്കിലും ക്ഷീണമോ തലകറക്കമോ തോന്നിയാല്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. എന്തായാലും രാവിലെ വ്യായാമം ചെയ്യുന്നത് തന്നെയാണ് ഏറ്റവും ഉത്തമമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെല്ലാം അവകാശപ്പെടുന്നത്. ഈ വാദത്തെ ശരിവച്ചുകൊണ്ടുള്ള പഠനറിപ്പോര്‍ട്ടുകളും മുമ്പ് വന്നിട്ടുണ്ട്. വൈകീട്ടത്തെ വ്യായാമം മോശമാണെന്നോ, ഇതിന് ഫലമില്ലെന്നോ അര്‍ത്ഥമില്ല. അല്‍പം കൂടി ഉത്തമമായത് രാവിലത്തെയാണെന്ന് മാത്രം. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here