പോണ്ടിച്ചേരിയിലും മറ്റും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ ഉപയോഗിച്ചാല്‍ ആഡംബര നികുതി ഈടാക്കാം

0
436

കൊ​ച്ചി (www.mediavisionnews.in): ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര വാഹനങ്ങള്‍ 30 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഓടിയെങ്കില്‍ മാത്രം ആഡംബര നികുതി ഈടാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി. ഒരു മാസത്തില്‍ താഴെ മാത്രമേ കേരളത്തില്‍ ഓടിയിട്ടുള്ളൂ എങ്കില്‍ ആഢംബര നികുതി ഈടാക്കരുത്.

എത്രയും വേഗം ആഢംബര നികുതി അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വാഹന ഉടമകള്‍ക്ക് നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടി പരിശോധിച്ച ശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വാഹനം ഒരുവര്‍ഷം മുപ്പതു ദിവസത്തിലധികം തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിച്ചാല്‍ ആജീവനാന്ത നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍ വാഹനനിയമത്തിലെ 3(6) വ്യവസ്ഥചെയ്യുന്നത്. 15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്ത നികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ.

അത് ഹൈക്കോടതി ശരിവെച്ചു. ഈ വ്യവസ്ഥ 1988ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിന് എതിരായി കാണാനാവില്ല. ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നതിന്റെ പേരില്‍ ഇവിടത്തെ നിരക്കില്‍ ഒറ്റത്തവണ നികുതി ഈടാക്കുന്നതു ചോദ്യംചെയ്യുന്ന എണ്‍പതിലധികം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണിത്.

പുതുച്ചേരിയിലുള്‍പ്പെടെ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരളത്തിലെ അധികാരികള്‍ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി ഓര്‍മപ്പെടുത്തി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് അധികൃതര്‍ കേസുള്‍പ്പെടെയുള്ള നടപടിയാരംഭിച്ചെന്ന ചില ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണിത്. വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കിയവര്‍ക്കേ അത് റദ്ദാക്കാനാവൂ. ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല.

വ്യാജരേഖ ഹാജരാക്കലുള്‍പ്പെടെ തട്ടിപ്പിലൂടെയാണ് വാഹനം കേരളത്തിനുപുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില്‍ അക്കാര്യം രേഖകള്‍ സഹിതം അതത് രജിസ്‌ട്രേഷന്‍ അധികാരികളെ അറിയിക്കാം. തിരിച്ചറിയല്‍രേഖയിലെ മേല്‍വിലാസംമാത്രം നോക്കി വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

30 ദിവസംമുതല്‍ 12 മാസംവരെയുള്ള ഉപയോഗത്തിന് വര്‍ഷം 1500 രൂപ അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അടുത്തിടെ നിയമഭേദഗതിയിലൂടെ ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചില്‍ ഒരുഭാഗമാക്കി. ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തില്‍ ആജീവനാന്തനികുതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here