ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ ഹജ്ജ്; അവസരം ഒരുക്കി സല്‍മാന്‍ രാജാവ്

0
493

റിയാദ്: (www.mediavisionnews.in) ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹജ്ജിന് പങ്കെടുക്കാന്‍ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് തീര്‍ത്ഥാടനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെക്കുറിച്ച് സൗദി എംബസിയാണ് വിശദീകരിച്ചത്.

ഭീകരാക്രമണ ഇരകളുടെ സ്ത്രീയും പുരുഷന്മാരുമടങ്ങുന്ന 200 ബന്ധുക്കള്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദി അവസരമൊരുക്കുന്നത്. സല്‍മാന്‍ രാജാവിന്റെ സ്വകാര്യ സമ്പത്തില്‍നിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സൗദിയുടെ ചെറുത്തുനില്‍പിന്റെ ഭാഗമായാണ് ഇത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ക് അബ്ദുള്‍ലത്തീഫ് ബിന്‍ അബുലാസിസ് അല്‍-അഷെയ്ക് പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ന്യൂസിലാന്‍ഡിലെ സൗദി എംബസി പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ബന്ധുക്കളുമടങ്ങുന്ന 2,000 പേര്‍ക്കും 72 രാജ്യങ്ങളില്‍നിന്നുള്ള 1,300 തീര്‍ത്ഥാടകര്‍ക്കും സൗദി ഇത്തവണ സൗജന്യ ഹജ്ജ് യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്.

മാര്‍ച്ച് 15നാണ് വംശീയവാദിയായ ബ്രെന്റണ്‍ ടാരന്റ് ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെടിവെയ്പ് നടത്തിയത്. മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരുടെ നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here