ദളിത് യുവാവിനെ വിവാഹം കഴിച്ച ബി.ജെ.പി എം.എല്‍.എയുടെ മകളേയും ഭര്‍ത്താവിനേയും കോടതിക്കു മുമ്പില്‍ വെച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയി

0
267

ബറേലി: (www.mediavisionnews.in) ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി എം.എല്‍.എയായ പിതാവില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച സുരക്ഷാ തേടി അലഹബാദ് കോടതിയിലെത്തിയ ഇവരെ കോടതിക്കു പുറത്തുവെച്ചാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്.

രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കോടിതിയുടെ മൂന്നാം ഗേറ്റിനു പുറത്ത് ദമ്പതികള്‍ കേസ് വിളിക്കുന്നതായി കാത്തുനില്‍ക്കവേ കറുത്ത എസ്.യു.വി വരികയും ദമ്പതികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊണ്ടുപോകുകയുമായിരുന്നു.

ആഗ്ര ജില്ലയുടെ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. വാഹനത്തിനു പുറത്ത് ‘ചെയര്‍മാന്‍’ എന്ന് എഴുതിയിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവരെ ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തുക്കളില്‍ ഒരാളെ 2018ലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത അതേദിവസം തന്നെയാണ് ദമ്പതികളെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ബി.ജെ.പി എം.എല്‍.എയുടെ പിതാവിന്റെ അടുത്ത സഹായിയാണെന്നാണ് റിപ്പോര്‍ട്ട്.

രാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ച് ജൂലൈ നാലിനാണ് സാക്ഷിയും അജിതേഷും വിവാഹിതരായത്. എന്നാല്‍ താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് ജൂലൈ 12ന് ക്ഷേത്രത്തിലെ പൂജാരി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചു കഴിയുകയായിരുന്നു.

അതിനിടെ, തനിക്കും ഭര്‍ത്താവിനും പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു.

വിവാഹത്തിനു ശേഷം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും യുവതി ആരോപിച്ചിരുന്നു.

തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി മിശ്ര പറഞ്ഞിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബി.ജെ.പി എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ‘മകളുടെ വിവാഹത്തിന് ഞാന്‍ എതിരല്ല. യുവാവിന് മകളേക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് എന്റെ ഏക ആശങ്ക. ഒരു പിതാവെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കാരണം ആ കുട്ടിക്ക് വളരെ ചെറിയ വരുമാനമേയുള്ളൂ.’ എന്നാണ് രാജേഷ് മിശ്ര പറഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here