കൊല്‍ക്കത്ത: (www.mediavisionnews.in) കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകെ ബംഗാളിലും രാഷ്ട്രീയ പ്രതിസന്ധിയെന്നു സൂചന. ഭരണകക്ഷിയില്‍ നിന്നടക്കം 107 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്ന് പാര്‍ട്ടി നേതാവ് മുകുള്‍ റോയ് ഇന്നു പ്രഖ്യാപനം നടത്തി.
സി.പി.ഐ.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള എം.എല്‍.എമാരാണ് ഇവരെന്നും റോയ് പറഞ്ഞു. അവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഭരണകക്ഷിയായ തൃണമൂലിന് 207 എം.എല്‍.എമാരും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 43 എം.എല്‍.എമാരുമാണുള്ളത്. സി.പി.ഐ.എമ്മിന് 23 എം.എല്‍.എമാരുമുണ്ട്. അതേസമയം ബി.ജെ.പിക്ക് 12 അംഗങ്ങള്‍ മാത്രമാണുള്ളത്.
അതിനിടെ കര്‍ണാടകത്തില്‍ ഡി.കെ ശിവകുമാറിന്റെ ശ്രമഫലമായി കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരാജ് രാജി പിന്‍വലിച്ചേക്കുമെന്നു സൂചന. ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി പിന്‍വലിക്കുന്നത് പുനപരിശോധിക്കാമെന്ന് പറഞ്ഞത്.
ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.
16 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഗോവയില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത്. ഭരണകക്ഷിയാണെങ്കിലും ഈ 10 എം.എല്‍.എമാര്‍ എത്തിയതോടെയാണ് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്കു ലഭിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.