കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

0
205

മംഗളൂരു: (www.mediavisionnews.in) കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാർത്ഥയെ കാണാതായത്. മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാർത്ഥയുടെ മൊബൈൽ ഫോണ്‍ പ്രവർത്തിച്ചതെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ്  ഡ്രൈവറുടെ മൊഴി. ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാർത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here