കൊച്ചി: (www.mediavisionnews.in) വൈദ്യുതി ലൈന്‍ പൊട്ടിവീണുള്ള അപകടം ഇനിയുണ്ടായാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. മരിക്കുന്നവരുടെ 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യം. മനുഷ്യ ജീവന്‍ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു.
ജൂണ്‍ 10ന് തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ കേസില്‍ കക്ഷിചേര്‍ത്ത കോടതി ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
സംസ്ഥാനത്തെ വൈദ്യുതി വിതരണ സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കാനുള്ള ചുമതല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്കാണെന്ന് വിലയിരുത്തിയാണ് ഉദ്യോഗസ്ഥനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തത്. മഴക്കാലമായതിനാല്‍ അപകടസാധ്യതയുണ്ടെന്നും അപകടമുണ്ടാകുന്നത് തടയണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വകുപ്പിന് പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടാമെന്നും കോടതി വ്യക്തമാക്കി.
അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാവുന്നുണ്ടെന്ന് കെ.എസ്.ഇ.ബിയും സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ പുറമെ നിന്നുള്ള വിദഗ്ദരുടെ സഹായവും തേടുമെന്നും അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.