വണ്ടിയൊന്നും വേണ്ടെന്ന് ജനം, തളര്‍ന്ന് വിപണി, പേടിച്ച് കമ്പനികള്‍!

0
215

ദില്ലി (www.mediavisionnews.in) :രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം തുടര്‍ക്കഥയാകുന്നു. ജൂണ്‍ മാസത്തിലും വില്‍പന വന്‍ തോതില്‍ ഇടിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ജൂണില്‍ കാറുകളുടെ ആഭ്യന്തര വില്‍പന 24.97 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്സി (സിയാം) ന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വില്‍പന ഇടിയുന്നത്. 

2019 ജൂണില്‍ 139,628 കാറുകളാണ് വിറ്റത് . 2018 ജൂണില്‍ ഇത് 183,885 ആയിരുന്നു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പനയില്‍ മാത്രം 12.27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂണില്‍ 80,670 യൂണിറ്റ് ആയിരുന്നത്  ഈ വര്‍ഷം 70,771 ആയി കുറഞ്ഞു. 

എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും വില്‍പന കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വില്‍പന 11.69 ശതമാനമാണ് ഇടിഞ്ഞത്. 16,49,477 ഇരുചക്രവാഹനങ്ങളാണ് ജൂണില്‍ വില്‍പന നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 18,67,884 എണ്ണമായിരുന്നു. ബൈക്കുകളുടെ മാത്രം വില്‍പന 9.57 ശതമാനമാണ് ഇടിഞ്ഞത്.

മൊത്തം വാഹനങ്ങളുടെ കണക്കെടുക്കുമ്പോള്‍ വില്‍പന 12 .34 ശതമാനം കുറഞ്ഞു. 22,79,186 യൂണിറ്റില്‍ നിന്ന് മൊത്തം വില്‍പന 19,97,952 ആയി കുറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് പരിശോധിക്കുമ്പോള്‍ മൊത്തം വാഹന വില്‍പന 12.35 ശതമാനമാണ് കുറഞ്ഞത്.

കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാമിന്‍റെ കണക്കുകള്‍ അനുസരിച്ച് 2019 മെയ് മാസത്തില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയിൽ 20.55 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 

ലീസ് എ കാര്‍, റെന്റ് എ കാര്‍, യൂബര്‍ ടാക്‌സി എന്നിവയുടെ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധനവാണ് ഇത്തരത്തില്‍ വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്നാണ് പ്രധാന വിലയിരുത്തല്‍. പുതി​യ മലി​നീകരണ നി​യന്ത്രണ ചട്ടങ്ങളുടെ വരവും വായ്പാ ലഭ്യതക്കുറവുമൊക്കെ വി​പണി​യെ മന്ദഗതി​യി​ലാക്കി​യെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബി​.എസ് 6 ലേക്ക് മാറുന്നതി​നായി​ 80,000 കോടി​ രൂപയാണ് വാഹന നി​ർമ്മാതാക്കൾ മുതൽ മുടക്കി​യി​ട്ടുള്ളത്. വി​പണി​ ഉഷാറായി​ല്ലെങ്കി​ൽ പല കമ്പനി​കളും പ്രതി​സന്ധി​യി​ലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here