ലോകത്തെ കരുത്തുറ്റ പാസ്‌പോട്ടുകള്‍ ഇവയൊക്കെ; ഇന്ത്യയുടെ സ്ഥാനം 86ാമത്

0
287

ലണ്ടന്‍ (www.mediavisionnews.in)  ; ജപ്പാന്റേതും സിംഗപ്പൂരിന്റേതുമാണ് ലോകത്ത് ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കും, ദക്ഷിണ കൊറിയയ്ക്കുമാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണെന്നും ആഗോള പൗരത്വറെസിഡന്‍സ് ഉപദേശക സംഘടനയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌നേഴ്‌സ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനമാകട്ടെ 86 ാമതാണ്.

മുന്‍കൂട്ടി വീസയെടുക്കാതെ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുകളാണ് ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ടുകളുപയോഗിച്ച് ഇത്തരത്തില്‍ 189 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ഫിന്‍ലന്‍ഡ് , ജര്‍മനി, ദക്ഷിണ കൊറിയ എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് വീസയില്ലാതെ 187 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 58 രാജ്യങ്ങളില്‍ മാത്രമാണ് വീസയില്ലാതെ സഞ്ചാരയോഗ്യമാകുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്, ഇറ്റലി, ലക്‌സംബര്‍ഗ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 186 രാജ്യങ്ങളിലാണ് ഇവരുടെ പാസ്‌പോര്‍ട്ടില്‍ സഞ്ചരിക്കാനാവുക. 185 രാജ്യങ്ങളില്‍ വീസയില്ലാതെ എത്താന്‍ കഴിയുന്ന ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്.

2014 ല്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന യുഎസും യുകെയും ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബെല്‍ജിയം, കാനഡ, ഗ്രീസ്, അയര്‍ലന്‍ഡ്, നോര്‍വെ എന്നിവര്‍ക്കൊപ്പം 183 രാജ്യങ്ങളില്‍ മാത്രമാണ് ഇവരുടെ പാസ്‌പോര്‍ട്ടിന് വീസയില്ലാതെ എത്തിപ്പെടാനാവുക.

ആദ്യ പത്തിലുള്‍പ്പെടുന്ന മറ്റു രാജ്യങ്ങളാണ് മാള്‍ട(182 രാജ്യങ്ങള്‍), ചെക്ക് റിപ്ലബിക്(181 രാജ്യങ്ങള്‍), ഓസ്‌ട്രേലിയ, ഐസ്ലന്‍ഡ്, ലിത്വാനിയ, ന്യൂസിലന്‍ഡ്(180 രാജ്യങ്ങള്‍), ലാത്വിയ, സ്ലോവാക്യ, സ്ലോവേനിയ (179 രാജ്യങ്ങള്‍) എന്നിവ.

ഏറ്റവും മോശം പാസ്‌പോര്‍ട്ടുകളുടെ പട്ടികയിലാണ് ബംഗ്ലാദേശും ഇറാനും. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍കൊണ്ട് 39 രാജ്യങ്ങളില്‍ മാത്രമാണ് എത്തിപ്പെടാന്‍ കഴിയുക. 106ാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 35 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാനാവുക. പട്ടികയില്‍ ഏറ്റവും പിന്നിലായ അഫ്ഗാനിസ്ഥാന്റെ പാസ്‌പോര്‍ട്ടിന് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക. യുഎഇ ഇരുപതാം സ്ഥാനത്താണ്. 167 രാജ്യങ്ങളിലാണ് യുഎഇ പാസ്‌പോര്‍ട്ടില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here