രോഗികളെ പരിശോധിക്കാതെ തിരിച്ചയച്ച സംഭവം; മംഗൽപ്പാടി താലൂക് ആശുപത്രി സൂപ്രണ്ടിനെ മനുഷ്യാവകാശ പ്രവർത്തകർ ബന്ദിയാക്കി

0
232

ഉപ്പള: (www.mediavisionnews.in) ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മംഗൽപ്പാടി താലൂക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ രോഗികളെ പരിശോധിക്കാതെ തിരിച്ചയച്ച സംഭവത്തിലെ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കിടത്തി ചികിത്സ അടിയന്തിരമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ചന്ദ്രമോഹനെ ബന്ദിയാക്കി.

ചൊവ്വാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 25 ഓളം രോഗികളെയാണ് ഒ.പി ടിക്കറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം പരിശോധിക്കാതെ ഡോക്ടർമാർ കയ്യൊഴിഞ്ഞത്. ദൂരദിക്കുകളിൽ നിന്നും എത്തിയ രോഗികൾ മണിക്കൂറുകൾ കാത്ത് നിന്നതിനു ശേഷമാണ് പരിശോധിക്കാതെ തിരിച്ചയച്ചത്. ഇത് ചോദ്യം ചെയ്ത രോഗികളോട്‌ ഡോക്ടർമാർ തട്ടിക്കയറുകയും ചെയ്തു.

താലൂക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായതിനു ശേഷം ആയിരത്തോളം ഒ.പി രോഗികൾ മാത്രം ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ.എം അഷ്‌റഫ്‌ മുൻകയ്യെടുത്ത് നിരവധി അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെടുത്തിയിട്ടും കിടത്തി ചികിത്സ ആരംഭിക്കാൻ ഡോക്ടർമാർ വിമുഖത കാണിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കുള്ളത്.

അത്യാധുനിക ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ്, കിടത്തി ചികിത്സയുടെ കെട്ടിട യൂണിറ്റ്, പുതിയ മോർച്ചറി കെട്ടിടം, തുടങ്ങി നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടും ഉദ്ഘാടനത്തിന്റെ പേരിൽ ചികിത്സാ സൗകര്യം നീണ്ട് പോകുകയാണ്. ചില ഡോക്ടർമാരും, ജീവനക്കാരും കാണിക്കുന്ന ധിക്കാരപരമായ നടപടി ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കിൽ HRPM ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

സംഭവം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ചന്ദ്രമോഹൻ ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രവർത്തകർ സമരത്തിൽ നിന്നും പിന്മാറിയത്.

സമരത്തിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ കൂക്കൾ ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി, ജില്ലാ ഉപാധ്യക്ഷൻ മെഹമൂദ് കൈകമ്പ, ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസർ കെ.എഫ് ഇഖ്ബാൽ ഉപ്പള, അബു തമാം, സിദ്ദിഖ് കൈകമ്പ, കൊട്ടാരം അബൂബക്കർ, ചെമ്മീ പഞ്ചാര, ഇബ്രാഹിം മോമിൻ, സുജാത ഷെട്ടി എന്നിവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here