മൊഴി ചൊല്ലിയയാളെ ജയിലിലടച്ചാല്‍ ഭാര്യക്കും കുട്ടികൾക്കും ജീവനാംശം കൊടുക്കാൻ കഴിയുന്നതെങ്ങനെ? -മുത്തലാഖ് ബില്ലിനെ എതിർത്ത് എൻകെ പ്രേമചന്ദ്രന്‍

0
272

ന്യൂദല്‍ഹി (www.mediavisionnews.in) : മുത്തലാക്ക് ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.കെ പ്രേമചന്ദ്രന്‍. ലോക്‌സഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു പ്രേമചന്ദ്രന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുസ്ലിം സമുദായത്തിനെതിരെയുള്ള വിവേചനപരമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളിലെ വിവാഹമോചനങ്ങള്‍ക്ക് സര്‍ക്കാര്‍ തടവുശിക്ഷ നടപ്പാക്കാത്തതെന്ന ചോദ്യവും എന്‍കെ പ്രേമചന്ദ്രന്‍ ഉന്നയിച്ചു.

ഭരണഘടനാ ചട്ടങ്ങളുടെ പച്ചയായ ലംഘനമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ വിഷയത്തിന്മേല്‍ തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ നിയമമുണ്ടാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ”ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മാത്രമാണ് ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് നിയമങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ എന്തുകൊണ്ടാണ് രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമമുണ്ടാക്കാത്തത്,” അദ്ദേഹം ചോദിച്ചു. ഊ നിയമം മുസ്ലിങ്ങളെ ലക്ഷ്യം വെച്ച് രാഷ്ട്രീയലാക്കോടെ നിര്‍മിക്കുന്നതാണെന്നാണ് വ്യക്തമാകുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

‘മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും ഭര്‍ത്താവിനെ ജയിലിലടയ്ക്കകയും ചെയ്യണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. തുടര്‍ന്ന് ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കണമെന്നും വ്യവസ്ഥ വെക്കുന്നുണ്ട്. ഭര്‍ത്താവിനെ ജയിലിലടച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് എങ്ങനെയാണ് ജീവനാംശം കൊടുക്കാന്‍ കഴിയുക?” -പ്രേമചന്ദ്രന്‍ ചോദിച്ചു.

അതെസമയം നിയമത്തിന്റെ കണ്ണില്‍ എല്ലാ സ്ത്രീകളും ഒരുപോലെയാണെന്നും ഇതില്‍ നിന്നും മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. നിരവധി രാജ്യങ്ങള്‍ മുത്തലാക്കിനെതിരെ നിയമം കൊണ്ടു വരുന്നുണ്ടെന്നതും തങ്ങളുടെ നീക്കത്തെ ന്യായീകരിച്ച് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതെസമയം ലോക്‌സഭയില്‍ ഈ ബില്‍ പാസ്സാകുമെങ്കിലും രാജ്യസഭയില്‍ പാസ്സായി വരാന്‍ പ്രയാസമാണ്. ആറ് അംഗങ്ങളുള്ള ജനതാദള്‍ യുനൈറ്റഡ് ബില്ലിനെതിരെ വോട്ട് ചെയ്യും. എഐഎഡിഎംകെയും എതിര്‍ക്കുമെന്നാണ് അറിയുന്നത്. ഇവര്‍ക്ക് 11 അംഗങ്ങളുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here