മൂന്നരപ്പതിറ്റാണ്ട് തുടർന്ന റോഡ് തർക്കത്തിന് പാണക്കാട്ട് പരിഹാരം

0
229

തിരൂരങ്ങാടി: (www.mediavisionnews.in) റോഡിന് ആവശ്യമായ സ്ഥലംസംബന്ധിച്ച തർക്കത്തിന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽനടന്ന ചർച്ചയിൽ രമ്യമായ പരിഹാരം. ഏറെക്കാലം തർക്കങ്ങൾക്കും വൻസംഘർഷങ്ങൾക്കും ഇടയാക്കിയ വെന്നിയൂർ- വാളക്കുളം റോഡിനായുള്ള സ്ഥലംസംബന്ധിച്ച പ്രശ്‌നങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്. വെന്നിയൂർ അങ്ങാടിയിൽനിന്നും വാളക്കുളത്തേക്കുള്ള റോഡിനായുള്ള സ്ഥലംസംബന്ധിച്ച്് 1985 മുതലാണ് തർക്കം തുടങ്ങിയത്. ഇവിടെ കെട്ടിടനിർമാണം പുരോഗമിക്കുന്നതിനിടെ ഇരുവിഭാഗങ്ങളായി തിരിഞ്ഞ്് അക്കാലത്ത് വൻസംഘർഷങ്ങളുമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത സ്ഥലമുടയായിരുന്ന പരേതനായ കോഴിക്കൽ കുഞ്ഞുഹാജിയുടെ മക്കളായ മൊയ്തീൻ, മുത്തു, മൻസൂർ എന്നിവർ റോഡിനായി 14 അടി സ്ഥലം വിട്ടുനൽകാമെന്ന് സമ്മതമറിയിച്ചതോടെയാണ് പാണക്കാട്ടുവെച്ച് തർക്കങ്ങൾക്ക് പരിഹാരമായത്.

സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട് 1985 കാലഘട്ടത്തിലുണ്ടായ സംഘർഷങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്് ഇപ്പോൾ ഹൈക്കോടതിയിലെത്തിയിരുന്ന കേസും പിൻവലിച്ചു. ഈ സ്ഥലത്ത് വർഷങ്ങൾക്കുമുൻപ് മുസ്‌ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ അഭ്യർത്ഥനയെത്തുടർന്ന് സ്ഥലമുടമ കുഞ്ഞുഹാജി വിട്ടുനൽകിയ മൂന്നുസെന്റ് സ്ഥലത്തുള്ള വെന്നിയൂർ ടൗൺ മുസ്‌ലിംലീഗ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി റോഡ് വികസനത്തിന് സൗകര്യംചെയ്യാൻ ഹൈദരലി ശിഹാബ് തങ്ങൾ ലീഗ് കമ്മറ്റിക്കും നിർദേശംനൽകി. ഓഫീസ് പൊളിച്ചുനീക്കി സ്ഥലം വിട്ടുനൽകാമെന്ന് മുസ്‌ലിംലീഗ് കമ്മിറ്റിയും സമ്മതം അറിയിച്ചു. 35 കൊല്ലക്കാലം നിലനിന്ന വലിയൊരു തർക്കത്തിന് പരിഹാരമുണ്ടായ സന്തോഷത്തിലാണ് വെള്ളിയാഴ്ച ഇരുവിഭാഗവും പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിൽനിന്നു മടങ്ങിയത്.

പാണക്കാട്ടുനടന്ന ചർച്ചയിൽ പി.കെ. അബ്ദുറബ്ബ്. എം.എൽ.എ., പി. ഉബൈദുള്ള. എം.എൽ.എ., പി.ഐ. അഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി, സി. കുഞ്ഞൻ ഹാജി, തെന്നല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ തുടങ്ങിയവരും പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here