മഞ്ചേശ്വരം: (www.mediavisionnews.in) വഴിയരികിൽ തള്ളിയ മാലിന്യം മഴയിൽ കുതിർന്ന് നാറാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അധികൃതർക്ക് അനക്കമില്ല. പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നു മാത്രമല്ല, മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയുമില്ല. അതുകൊണ്ടുതന്നെ ഉപ്പള ഗേറ്റിനും തലപ്പാടിക്കുമിടയിൽ ദേശീയപാതയുടെ വക്കുകളിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയ മാലിന്യം മഴയിൽ കുതിർന്ന് ചീഞ്ഞുനാറാൻ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാർ.
ഹൊസങ്കടി ടൗൺ പരിസരം, റെയിൽവേ സ്റ്റേഷൻ റോഡ്, ഭഗവതി നഗർ, കുഞ്ചത്തൂർ, തുമിനാട് എന്നിവിടങ്ങളിലാണ് മാലിന്യപ്രശ്നം രൂക്ഷമായിട്ടുള്ളത്. ചെക്പോസ്റ്റ് പരിസരം മാലിന്യം കൊണ്ട് മൂടിയിരിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം ഇവിടെ തള്ളുകയായിരുന്നു. ഇതോടെ വൻ മാലിന്യകേന്ദ്രമായി ഇവിടം മാറി. ദേശീയപാതയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കുപോലും മൂക്കുപൊത്താതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷൻ റോഡിന് സമീപവും സ്ഥിതി വ്യത്യസ്തമല്ല. വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം നിറഞ്ഞതോടെ തെരുവുനായകളുടെ ശല്യവും വർധിച്ചു.
മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തതും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ നടപടിയെടുക്കാത്തതുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.