ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളി സ്പീക്കര്‍; കര്‍ണാടകയിലെ രാഷ്ട്രീയ നാടകം വീണ്ടും സുപ്രീം കോടതിയിലേക്ക്

0
442

ദില്ലി/ കര്‍ണാടക: (www.mediavisionnews.in) കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകൻ മനു അഭിഷേക് സിംങ്‍വിയാണ് സുപ്രീം കോടതിയിൽ കോൺഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസിന്‍റെ പ്രധാനവാദം. 

അതേസമയം വിമത എംഎൽഎമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുൾ റോത്തഗിയും രംഗത്തെത്തും. അതിനിടെ കര്‍ണാടകയിൽ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നാരോപിച്ച് കോൺഗ്രസ് പാര്‍ലമെന്‍റിൽ അടിയന്തര പ്രമേയ നോട്ടീസും നൽകിയിട്ടുണ്ട്. 

ഇതിനിടെ പ്രതിസന്ധികൾക്കും തര്‍ക്കങ്ങൾക്കും ഇടയിൽ കര്‍ണാടക നിയമസഭ സമ്മേളനം തുടങ്ങി. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറല്ലെന്ന കോൺഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങൾ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.  കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച നടത്താനാണ് കോൺഗ്രസ് തീരുമാനം. ഉച്ചയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢ നീക്കമാണ് എന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

സര്‍ക്കാരിന് സംഖ്യ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിയമ നടപടികൾ വഴി കാര്യങ്ങൾ അനുകൂലമാക്കാനും അനുനയത്തിന് കൂടുതൽ സമയം നേടിയെടുക്കാനുമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നീക്കം നടക്കുന്നത്. എങ്ങനെയെങ്കിലും വിപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് കര്‍ണ്ണാടക കോൺഗ്രസിന്‍റെ ശ്രമം എന്നും വ്യക്തമാണ്. പരമാവധി വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 

16 വിമത എംഎൽഎമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ വിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ബഹളത്തില്‍ കലാശിച്ചിക്കുകയായിരുന്നു. 15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്നലെ സഭയില്‍ നിന്ന് വിട്ടുനിന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here