ഫ്ലാറ്റുകളിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കുന്നു; ദുർഗന്ധം വമിച്ച് ഉപ്പള നഗരം

0
206

ഉപ്പള: (www.mediavisionnews.in) ഉപ്പള നഗരത്തിലെ ഫ്ലാറ്റ് സമുച്ഛയങ്ങളിൽ നിന്നുള്ള മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുന്നത് പതിവാകുന്നു. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധം കാരണം നഗരത്തിലെത്തുന്നവർക്കും വ്യാപരികൾക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുകയാണ്.

മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള നഗരപരിധിയിൽ മാത്രം നിരവധി ഫ്ലാറ്റ് സമുച്ഛയങ്ങളുള്ളത്. ഇത്തരം ഫ്ലാറ്റുകളിൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം നിലവില്ലാത്തതിനാലാണ് മലിനജലം രാത്രികാലങ്ങളിൽ റോഡിലേക്കും പൊതു സ്ഥലത്തേക്കും ഒഴുക്കി വിടുന്നത്. നഗരമധ്യത്തിലുള്ള ഫ്ലാറ്റുകളുടെയും സ്ഥിതി ഇതുതന്നെയാണ്. മഴക്കാലം ആരംഭിച്ചതോടെ ഇത് രാപ്പകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. ഒഴുക്കി കളയുന്ന മലിനജലം മഴവെള്ളത്തിൽ കലർന്ന് ദുർഗന്ധം കാരണം മൂക്ക് പൊത്തി വേണം നഗരത്തിലൂടെ നടക്കാൻ. പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ട് കൊതുകുകളും മറ്റു പ്രാണികളും വളരുകയാണ്.

മഞ്ഞപിത്തം ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ച വ്യാധികളും പടർന്ന് കൊണ്ടിരിക്കുമ്പോഴാണ് ഫ്ലാറ്റുകളിലെ മലിനജലം ജനങ്ങളുടെആരോഗ്യത്തിന് ഭീഷണിയാവുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മംഗൽപാടി പഞ്ചായത്തിൽ വിവിധയിടങ്ങളിലായി ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് കൈകമ്പയിലെ ഒരു ഫ്ലാറ്റിൽ നിന്നുള്ള മലിന ജലം തൊട്ടടുത്ത വിട്ടിലെ കിണറിലേക്ക് ഒഴുകി വരുന്ന സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയും ചില സംഘടനകളും പഞ്ചായത്തിനു മുന്നിൽ അനിശ്ചിതകാല ധർണ്ണയുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഉപ്പള പോസ്റ്റ് ഓഫിസിന് സമീപത്തും നഗരത്തിലെ മറ്റു ഫ്ലാറ്റുകളിലും ഒരു കൂസലുമില്ലാതെ പകൽ സമയങ്ങളിൽ മലിനജലം റോഡിൽ ഒഴുകുന്നത് കാണാനാകും. മറ്റു ചില ഫ്ലാറ്റുകളിൽ നിന്നും പൊതു ഓടയിലേക്ക് പൈപ്പ് വഴി ഒഴുക്കിവിടുന്നതും നിത്യ കാഴ്ച്ചയാണ്.

ശാസ്ത്രീയമായ രീതിയിൽ മലിനജലം നീക്കം ചെയ്യാൻ ഉപ്പള നഗരത്തിലെ ഭൂരിഭാഗം ഫ്ലാറ്റുകൾക്കും സംവിധാനമില്ലാത്തതാണ് റോഡിലേക്ക് ഒഴുക്കിവിടാൻ കാരണം. ഫ്ലാറ്റുകൾക്കും മറ്റു ബഹുനില കെട്ടിടങ്ങൾക്കും അനുമതി തേടുമ്പോൾ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം പരിശോധിക്കാതെയാണ് ഇവിടെ അനുമതി നൽകിയതെന്ന പരാതിയും നിലനിൽക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here