പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

0
224

തിരുവനന്തപുരം (www.mediavisionnews.in): അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്‌സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ മുനീര്‍ ആവശ്യപ്പെട്ടു.

പ്രവാസി വോട്ടവകാശം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. നിലവിലെ വ്യവസ്ഥകളനുസരിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിന് സമ്മതിദായകന്റെ ശാരീരിക സാന്നിധ്യം പോളിംഗ് സ്റ്റേഷനില്‍ ആവശ്യമാണ്.ഇക്കാര്യത്തില്‍ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും ഭേദഗതി ആവശ്യമായിവരും. ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ തലത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളുടെ വോട്ടവകാശത്തിന് തടസമാകുന്ന നിയമപരമായ സങ്കീര്‍ണതകള്‍ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൂന്ന് സംയോജിത ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണിച്ചിരുന്നു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേന വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെയില്‍ ജോലി ചെയ്യുന്ന നാഗേന്ദര്‍ ചിന്ദവും മറ്റുള്ളവരും കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷികളാക്കി 2013 ഫെബ്രുവരിയില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി നരേഷ്‌കുമാര്‍ ഹാഞ്ചെത്തും കൂട്ടരും കോടതിയെ സമീപിച്ചിരുന്നു. എംബസികളിലെ വോട്ടു രേഖപ്പെടുത്തല്‍, പോസ്റ്റല്‍ വോട്ടിംഗ്, പ്രോക്‌സി വോട്ടിംഗ്, വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഉലക്‌ടോണിക് വോട്ടിംഗ് എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള വോട്ടവകാശം പ്രവാസികള്‍ക്ക് നല്‍കണമെന്ന് പ്രമുഖ പ്രവാസി മലയാളിയായ ഡോ ഷംസീര്‍ നല്‍കിയ ഹര്‍ജിയിലും അപേക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് സ്വന്തം നിയോജകമണ്ഡലത്തില്‍ നേരിട്ട് എത്താതെ വോട്ടുചെയ്യുന്നതിന് ഇ വോട്ടിംഗും പ്രോക്‌സി വോട്ടിംഗും മുഖേന വോട്ടവകാശം അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിനുളള കാരണമായി മൈഗ്രേഷനേയോ എമിഗ്രേഷനോടോ കാണാനാവില്ല. പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടര്‍പട്ടികയില്‍ സമ്മതിദായകനായി റജിസ്റ്റര്‍ ചെയ്യപ്പെടുവാന്‍ അവകാശം ഉണ്ടെന്ന് 1950 ലെ ജനപ്രാതിനിധ്യനിയമത്തില്‍ 20 എ വകുപ്പ് പ്രകാരം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ അര്‍ഹരായവരുടെ പേര് ഉള്‍പ്പെടുത്തുന്നതിന് 1994 ലെ പഞ്ചായത്ത് രാജ് ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്ത് വോട്ടവകാശം അനുവദിക്കണമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here