‘ജയിലില്‍ നിന്നും കിട്ടിയ സ്‌നേഹം വീട്ടില്‍ ലഭിച്ചില്ല; ജയിലില്‍ തിരികെയെത്താന്‍ സിസി ടിവിയില്‍ മുഖം കാണിച്ച് ‘മോഷണം’ നടത്തി മധ്യവയസ്‌കന്‍

0
309

ചെന്നൈ (www.mediavisionnews.in):ജയിലിലെ സൗഹൃദം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ വീണ്ടും മോഷണം നടത്തി ജയിലില്‍ തിരിച്ചുകയറി മധ്യവയസ്‌കന്‍.

52 കാരനായ ജ്ഞാനപ്രകാശമെന്നയാളാണ് മോഷണക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടുമൊരു മോഷണം നടത്തി ചെന്നൈയിലെ പൂഴാല്‍ സെന്‍ട്രല്‍ ജയിലില്‍ തിരികെത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാളെ മാര്‍ച്ച് മാസത്തിലായിരുന്നു ജയിലില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29 ന് ജ്ഞാനപ്രകാശം പുറത്തിറങ്ങി.

വീട്ടിലെത്തിയ തന്നെ ഭാര്യയും മക്കളും അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും തനിക്ക് ജയിലിലെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സ്‌നേഹവും കരുതലും സ്വന്തം വീട്ടില്‍ ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ജയിലില്‍ തിരികെയെത്താനായി വഴിയരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു ഇയാള്‍. സി.സി ടിവിയില്‍ സ്വന്തം മുഖം കാണിച്ച ശേഷമായിരുന്നു ‘ മോഷണം’.

എങ്ങനെയെങ്കിലും ജയിലില്‍ തിരികെ കയറുക എന്ന ലക്ഷ്യത്തോടെയാണ് മോഷണം നടത്തിയതെന്നും സ്വന്തം വീട്ടില്‍ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും തമ്പാരം അസിസ്റ്റന്റ് കമ്മീഷണര്‍ പി. അശോകന്‍ പറഞ്ഞു.

ജയിലില്‍ നിന്നും പുറത്തുവന്ന ശേഷം ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലായ്‌പ്പോഴും ഭാര്യയും മക്കളും കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നെന്നും അതുകൊണ്ടാണ് തിരിച്ച് ജയിലിലേക്ക് തന്നെ വരാന്‍ തീരുമാനിച്ചതെന്നുമായിരുന്നു പറഞ്ഞത്.

വെസ്റ്റ് താംബരത്തുനിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്. സിസി ടിവി ക്യാമറയില്‍ തന്നെ വ്യക്തമായി കാണുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു മോഷണം. ബൈക്കെടുത്ത് യാത്ര തുടര്‍ന്നു. പെട്രോള്‍ തീര്‍ന്ന ഉടന്‍ തന്നെ മറ്റിരൊടത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പെട്രോള്‍ കൂടി മോഷ്ടിച്ചു.

എന്നാല്‍ പെട്രോള്‍ മോഷണത്തിനിടെയായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പെട്രോള്‍ മാത്രമല്ല ബൈക്ക് തന്നെ താന്‍ മോഷ്ടിച്ചതാണെന്ന് ജ്ഞാനപ്രകാശം പൊലീസിനോടു പറഞ്ഞു. എങ്ങനെയെങ്കിലും തന്നെ അറസ്റ്റ് ചെയ്ത നിലപാടിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ പൂഴാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെയാണ് പൊലീസ് എത്തിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here