മഞ്ചേശ്വരം (www.mediavisionnews.in) മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഒത്തു തീർപ്പു കരാർ പ്രകാരം കേസ് ഉണ്ടാകാതിരിക്കാൻ ധാരണ ഉണ്ടെങ്കിലും കേസ് നിലനിൽക്കുമെന്നു പൊലീസ്. തട്ടിക്കൊണ്ടുപോകലിനു ക്വട്ടേഷൻ നൽകിയ ആളെക്കുറിച്ചും സംഘത്തെക്കുറിച്ചും സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാർക്ക് ഇനി സ്റ്റേഷനിൽ നിന്ന് കേസ് പിൻവലിക്കാനാവില്ല. പൊലീസ് കേസിന്റെ ചാർജ് ഷീറ്റ് കോടതിയിലേക്കു നൽകും.
പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ യോഗം ചേർന്നു തുടർനടപടികൾ ചർച്ച ചെയ്തു. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ സംഘങ്ങളായി എല്ലാവിധ സജീകരണങ്ങളോടെയാണ് പ്രതികൾക്കായി തിരിച്ചിൽ നടത്തുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ കർണാടകയിലെ ക്വട്ടേഷൻ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകളിലെ പ്രതിയായ ഉപ്പള സ്വദേശിയുടെ നേതൃത്വത്തിലാണ് പതിനാറുക്കാരനെ തട്ടിക്കൊണ്ടു പോയത്. ഈ സംഘത്തിലെ മുഴുവൻ അംഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനാൽ ഇവരെ കണ്ടെത്താൻ കർണാടക പൊലീസിന്റെ സഹായം കൂടി തേടിയിട്ടുണ്ട്.
മഞ്ചേശ്വരം മജീർപള്ളം കോളിയൂരിലെ വിദ്യാർഥിയെയാണ് 22നു രാവിലെ സ്കൂട്ടറിൽ പോകവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു കർണാടകയിലെ അജ്ഞാത കേന്ദ്രത്തിൽ തടവിലാക്കിയത്.മൂന്നു ദിവസത്തിനു ശേഷം 25നു രാവിലെ മംഗളൂരു കങ്കനാടിയിലെ ഒരു ചെമ്മൺപാതയിൽ വാഹനത്തിൽ നിന്നിറക്കി 1000 രൂപയും നൽകി പറഞ്ഞു വിടുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.