ചെന്നൈ (www.mediavisionnews.in): തമിഴ്‌നാട്ടിലെ വിഴുപുരത്തുനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ ഭർത്താവിനെ കണ്ടെത്താൻ യുവതിയെ സഹായിച്ചത് ‘ടിക്‌ടോക്ക്’. വിഴുപുരം സ്വദേശിനി ജയപ്രദയ്ക്കാണ് ഭർത്താവ് സുരേഷിനെ, വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചു പങ്കിടുന്ന മൊബൈൽ ആപ്ലിക്കേഷനായ ‘ടിക്‌ടോക്ക്’ മുഖേന കണ്ടെത്താൻ സാധിച്ചത്. ‘ടിക്‌ടോക്കി’ൽ കണ്ട ദൃശ്യത്തിൽനിന്ന് ഇയാളെ തിരിച്ചറിയുകയും പോലീസിന്റെ സഹായത്തോടെ ഹൊസൂരിൽനിന്നു കണ്ടെത്തുകയുമായിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചുപോയതാണെന്ന് സുരേഷ് സമ്മതിച്ചു. കൗൺസലിങ്ങിനെത്തുടർന്ന്, വീണ്ടും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കാൻ ഇയാൾ തീരുമാനിച്ചു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾക്കൊപ്പമുള്ള സുരേഷിന്റെ വീഡിയോ ദൃശ്യങ്ങൾ ‘ടിക്‌ടോക്കി’ൽ പ്രചരിച്ചത് ജയപ്രദയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയപ്രദ പോലീസിനെ സമീപിച്ചു. വിഴുപുരം പോലീസ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ സംഘടനയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ വീഡിയോയിൽ സുരേഷിനൊപ്പമുള്ളയാൾ താമസിക്കുന്നത് ഹൊസൂരിലാണെന്നു വ്യക്തമായി.
ഹൊസൂരിൽ നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ കണ്ടെത്തിയത്. വിഴുപുരത്തുനിന്ന് ഇവിടെ എത്തിയ സുരേഷ് ഒരു സ്വകാര്യ ട്രാക്ടർ കമ്പനിയിൽ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. ഇതേ കമ്പനിയിൽ ജോലിചെയ്തിരുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുമൊന്നിച്ച് താമസിച്ചുവരികയായിരുന്നു.
ജോലിക്കെന്നുപറഞ്ഞ് 2017-ൽ വീട്ടിൽനിന്നുപോയ സുരേഷിനെ കാണാനില്ലെന്ന ജയപ്രദയുടെ പരാതിയിൽ അന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം അവസാനിപ്പിച്ച ഘട്ടത്തിലാണ് ‘ടിക്‌ടോക്കി’ലൂടെ സുരേഷിനെ കണ്ടെത്താനായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.