ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നു

0
446

ലണ്ടന്‍ (www.mediavisionnews.in)  ;  ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നു. ലോകകപ്പില്‍ ഇന്നു ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരം കരിയറിലെ അവസാന ഏകദിനം കൂടി ആയിരിക്കുമെന്ന് താഹിര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വളരെ വൈകാരികമായ നിമിഷമാണിത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിനത്തില്‍ അവസാനമായി കളത്തിലിറങ്ങാന്‍ പോവുകയാണ്. കരിയറിലുടനീളം തനിക്കു പിന്തുണ നല്‍കിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കയോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും താഹിര്‍ ട്വിറ്ററില്‍ കുറിച്ചു.

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിലൂടെയാണ് 40 കാരനായ താഹിര്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ നാലു വിക്കറ്റുകളുമായി അദ്ദേഹം കസറുകയും ചെയ്തു. എട്ടു വര്‍ഷത്തെ കരിയറില്‍ ലെഗ് സ്പിന്നര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 106 ഏകദിനങ്ങളില്‍ നിന്നും 172 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2016ല്‍ വിന്‍ഡീസിനെതിരേ 45 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും താഹിര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 10 വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ലോകകപ്പില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാനായത്. ലോകകപ്പില്‍ അവരുടെ തുടക്കം മോശമായിരുന്നു. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ദക്ഷിണാഫ്രിക്ക തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ നാലാമത്തേത് മഴയു തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് കരകയറാന്‍ അവര്‍ക്കായില്ല. അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേ മാത്രമേ ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാനായിട്ടുള്ളൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here