സിപിഎം കടുത്ത ആശങ്കയിൽ; ദയനീയ തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസും നഷ്ടമായേക്കും

0
207

ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയിൽ സിപിഎം. മൂന്ന് എംപിമാര്‍ മാത്രമായി പാര്‍ട്ടി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്‍റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്ക ശക്തമാകുന്നത്. പാര്‍ലമെന്‍റ് മന്ദിരത്തിലെ മൂന്നാം നിലയിൽ 135 ാം നമ്പര്‍ മുറിയാണ് സിപിഎം പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്നത്. പതിറ്റാണ്ടുകളായി പാര്‍ട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഇടമാണ് ഇപ്പോൾ നഷ്ടപ്പെടലിന്‍റെ വക്കിലുള്ളത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് പേരെ മാത്രമാണ് സിപിഎമ്മിന് ലോക്സഭയിലേക്ക് എത്തിക്കാനായത്. രാജ്യസഭയിൽ നിലവിലുള്ളത് അഞ്ച് എംപിമാരാണ്. 2014 ലെ തെരഞ്ഞെടുപ്പിൽ ഒമ്പത് എംപിമാരുണ്ടായിരുന്ന സാഹചര്യത്തിലും പാര്‍ട്ടി ഓഫീസ് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ സിതാറാം യെച്ചരി രാജ്യസഭാ അംഗമായിരന്നതിനാൽ പാര്‍ട്ടി കഷ്ടിച്ച് രക്ഷപ്പെട്ടു. ഇനി മത്സരിക്കാനില്ലെന്ന് യെച്ചൂരി നിലപാടെടുത്തതോടെ രാജ്യസഭയിലും ശക്തനായ നേതാവില്ലാത്ത അവസ്ഥയാണ്. 

2004 ൽ മികച്ച പ്രകടനം കാഴ്ച വച്ച സിപിഎം 43 സീറ്റ് നേടിയിരുന്നു. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് മികച്ച പരിഗണനയാണ് സിപിഎമ്മിന് പാര്‍ലമെന്‍റ് ഹൗസിലടക്കം കിട്ടിക്കൊണ്ടിരുന്നത്. എന്നാൽ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്ന കേരളത്തിലാകട്ടെ വിജയം ഒരു സീറ്റിൽ ഒതുങ്ങി. ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന സീറ്റുകളിൽ പോലും ഒരുലക്ഷം വോട്ടിന്‍റെ വ്യത്യാസത്തിൽ പോലും സ്ഥാനാര്‍ത്ഥികൾ തോൽക്കുന്ന സാഹചര്യവുമുണ്ടായി. 

എംപിമാര്‍ക്ക് വിശ്രമിക്കാനും ആവശ്യമെങ്കിൽ പാര്‍ട്ടിക്ക് വാര്‍ത്താ സമ്മേളനങ്ങൾ അടക്കം  നടത്തുന്നതിനും  പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസിൽ സൗകര്യം ഉണ്ടായിരുന്നു. ഏതാനും ജീവനക്കാരും ഇവിടെ ഉണ്ട്. പാര്‍ലമെന്‍റിലെ ഈ സംവിധാനങ്ങളാണ് നഷ്ടപ്പെടുമെന്ന് പാര്‍ട്ടി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സിപിഎക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here