ചാവക്കാട്(www.mediavisionnews.in): പിഞ്ച് കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. താലി കെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമുകന് യുവതിയെ ഉപേക്ഷിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. എടക്കഴിയൂര്‍ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ അടുക്കലാക്കി കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ കാമുകനടുത്തേക്ക് പോയി.
കടയില്‍ പോയി ഉടന്‍ തിരിച്ചെത്താമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഏല്പിച്ചത്. ശനിയാഴ്ച യുവതി കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയി താലി കെട്ടി. എന്നാല്‍, ഇവര്‍ക്ക് ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് കാമുകന്റെ ബന്ധുക്കള്‍ക്ക് വൈകാതെ വിവരം കിട്ടി.
അതോടെ യുവതിയെ കാമുകന് വേണ്ടെന്നു വച്ചു. യുവതി ഗത്യന്തരമില്ലാതെ സ്വന്തം വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു. യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്ന മയ്യില്‍ പൊലീസിനെ ബന്ധുക്കള്‍ വിവരമറിയിച്ചു.
തുടര്‍ന്ന് എസ്.ഐമാരായ അബ്ദുള്‍ ഹക്കീം, നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, യുവതിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ തൃശൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.