ന്യൂഡല്‍ഹി (www.mediavisionnews.in): കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 21 ശതമാനംവരെ കൂടും. ഈ മാസം 16-ന് വര്‍ധന നടപ്പാവും. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.ഐ.) ഉത്തരവ് പുറപ്പെടുവിച്ചു. സാധാരണയായി ഏപ്രിലിലാണ് ഇന്‍ഷുറന്‍സ് നിരക്കുകളില്‍ മാറ്റം വരുത്താറ്. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല.
1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1850 രൂപയാണ്. വര്‍ധന 12 ശതമാനം. 1000 മുതല്‍ 1500 വരെ സി.സി.യുള്ളവയ്ക്ക് 3,221 രൂപയാണ് പുതുക്കിയ പ്രീമിയം. 12.5 ശതമാനം വര്‍ധന. 1500 സി.സി.ക്ക് മുകളിലുള്ള പ്രീമിയം കാറുകളുടെ നിരക്ക് കൂട്ടിയിട്ടില്ല; 7890 രൂപ തുടരും.
75 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 12.88 ശതമാനംകൂടി 482 രൂപയാകും. 75 മുതല്‍ 150 വരെ സി.സി.യുള്ളവയ്ക്ക് 752 രൂപയാണ് പ്രീമിയം. 150 മുതല്‍ 350വരെ സി.സി.യുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയമാണ് ഏറ്റവും കൂടിയത്. നിലവിലുള്ള 985 രൂപയില്‍ നിന്ന് 21.11 ശതമാനം വര്‍ധിച്ച് 1,193 രൂപയായി.
സ്‌കൂള്‍ബസിന്റെയും പൊതു-സ്വകാര്യ ചരക്കുവാഹനങ്ങളുടെയും തേഡ് പാര്‍ട്ടി പ്രീമിയത്തിലും വര്‍ധനയുണ്ട്. പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ മൂന്നുവര്‍ഷത്തേക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഒരുമിച്ചടയ്ക്കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള പ്രീമിയമാണ് ഒരുമിച്ചടയ്‌ക്കേണ്ടത്. ഇ-റിക്ഷകളുടെ പ്രീമിയം കൂട്ടിയിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.