ഡൽഹി(www.mediavisionnews.in): കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. ഇടതുപക്ഷ എം.പിമാര്‍ കൂടുതല്‍ എത്താറുള്ള കേരളത്തില്‍ നിന്ന് ഒറ്റയാള്‍ മാത്രമായതിനാല്‍ തന്നെ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പേള്‍ അംഗങ്ങളുടെ ശ്രദ്ധ ആരിഫിലേക്ക് മാറി. സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കൈകൊടുത്തതിന് ശേഷമാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത്. മലയാളത്തിലാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്തത്.
കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെ സോണിയാ ഗാന്ധി ശകാരിച്ചു. തുടര്‍ന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലപാട് മാറ്റി. തുടര്‍ന്നുള്ളവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രോ ട്ടേം സ്പീക്കര്‍ വീരേന്ദ്ര കുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നില്‍ സുരേഷിന് ഇംഗ്ലീഷിലുള്ള പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്.
മലയാളിയായ കൊടിക്കുന്നിലിന്റെ ഹിന്ദി കേട്ട് ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പിമാര്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു.
തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.