മുസ്ലിം യുവാവിനു നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരത, താങ്ങായത് ഹിന്ദു സുഹൃത്തിന്റെ ബന്ധുക്കളുടെ ഇടപെടല്‍

0
261

ന്യൂഡല്‍ഹി(www.mediavisionnews.in): ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണമേറ്റ മുസ്ലിം യുവാവിനെ രക്ഷിക്കാനെത്തിയത് ഉറ്റ ചങ്ങാതിയായ ഹിന്ദു യുവാവിന്റെ ബന്ധുക്കള്‍. ഡല്‍ഹിയിലെ ജെയ്റ്റ്പൂര്‍ സ്വദേശി മുഹമ്മദ് സാജിദും സുഹൃത്ത് ഗൗരവും കടയില്‍ നിന്നു മടങ്ങുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമകാരികള്‍ നെഞ്ചില്‍ ചവിട്ടിയതോടെ ഉച്ചത്തില്‍ അല്ലാഹ് എന്നു വിളിച്ചതായിരുന്നു സാജിദ്. അതോടെ അക്രമകാരികളില്‍ ഒരാള്‍ ‘ഇവന്‍ ഒരു മുല്ലയാണ്, മുസ്ലിമാണ്, കൊല്ലണം ഇവനെ’ എന്ന് ആക്രോശിക്കുകയായിരുന്നു. അതോടെ 25ഓളം വരുന്ന സംഘം സജാദിനെ തലങ്ങും വിലങ്ങും ആക്രമിച്ചു. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട സുഹൃത്തായ ഗൗരവ് ഓടി തന്റെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ചങ്ങലയും വടിയും ഉപയോഗിച്ചാണ് സാജിദിനെ ആക്രമിച്ചത്.

ഞാനും സുഹൃത്ത് ഗൗരവും രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സഹോദരിയെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. നടന്നു ഞങ്ങള്‍ മോലാദ് ബാന്റിലെത്തിയപ്പോള്‍ പിന്നില്‍ നിന്നു രണ്ടു പേര്‍ ഗൗരവിനെ വിളിച്ചു അവരുടെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അരികിലെത്തിയ ഞങ്ങള്‍ക്ക് കൈ തന്ന ശേഷം അവര്‍ ഫോണ്‍ വാങ്ങിവെച്ചു. തുടര്‍ന്ന് അപ്പുറത്തുള്ള ഇടവഴിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഫോണ്‍ തിരികെ ചോദിച്ച ഞങ്ങളെ കഴുത്തിനു ബ്ലേഡ് വെച്ചു ഭീഷണിപ്പെടുത്തി. അനന്തരം കൈയിലുള്ളതെല്ലാം തരാന്‍ ആവശ്യപ്പെടുകയായിരുന്നു-സാജിദ് പറഞ്ഞു.

അവര്‍ എന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി. വേദന സഹിക്കവയ്യാതെ ഞാന്‍ ‘അല്ലാഹ്’ എന്നു വിളിച്ചു. അതോടെ അവരുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ ‘ഇവന്‍ മുല്ലയാണ്, മുസ്ലിമാണ്, കൊല്ലണം ഇവനെ’ എന്ന് ആക്രോശിച്ചു. അതോടെ ഗൗരവിനെ വിട്ട് അവര്‍ എനിക്കെതിരെ തിരിഞ്ഞു. പിന്നീട് ക്രൂര മര്‍ദനമായിരുന്നു-സാജിദ് കൂട്ടിച്ചേര്‍ത്തു.

വാടകക്കെടുത്ത ഓട്ടോറിക്ഷയില്‍ എത്തിയ സംഘം വഴിയരികില്‍ തന്നെ കാത്തിരിക്കുകയായിരുന്നെന്നും അവര്‍ ഇരുപത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നതെന്നും സജാദ് വ്യക്തമാക്കുന്നു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here