തെലങ്കാനയിൽ നാണം കെട്ട് കോൺഗ്രസ്: 12 എംഎൽഎമാർ ടിആർഎസ്സിലേക്ക്, സ്പീക്കറെ കണ്ട് കത്ത് നൽകി

0
239

ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയിൽ സംസ്ഥാനതെരഞ്ഞെടുപ്പിന് പിന്നാലെ, ലോക്സഭാ തെരഞ്ഞെടുപ്പിലും നാണം കെട്ട് തോറ്റ കോൺഗ്രസിന് കൂടുതൽ തിരിച്ചടി. കോൺഗ്രസിന്‍റെ 12 എംഎൽഎമാർ പാർട്ടിയെ ഭരണകക്ഷിയായ ടിആർഎസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കണ്ട് കത്ത് നൽകി. 

119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷൻ കൂടിയായ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജി വച്ചു. ഫലത്തിൽ ഇപ്പോൾ കോൺഗ്രസിന്‍റെ അംഗബലം 18. ഇതിൽ 12 പേരാണ് സ്പീക്കറെ കണ്ട് സ്വന്തം പാർട്ടി ഭരണകക്ഷിയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

ഉച്ചയോടെയാണ് 12 എംഎൽഎമാർ സ്പീക്കർ പി ശ്രീനിവാസ് റെഡ്ഡിയെ കണ്ടത്. ഇതിന് മുമ്പായി തന്ദൂർ കോൺഗ്രസ് എംഎൽഎ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആർഎസ്സിന്‍റെ പ്രവർത്തനാധ്യക്ഷനുമായ കെ ടി രാമറാവുവിനെ കണ്ട് ടിആർഎസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തേ മാർച്ചിലും കോൺഗ്രസ് എംഎൽഎമാർ ടിആർഎസ്സിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. 

സംസ്ഥാനത്തിന്‍റെ ക്ഷേമവും വികസനവും മുൻ നിർത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനൊപ്പം പ്രവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി. ഇതിനായാണ് സ്പീക്കറെ കണ്ട് നിവേദനം നൽകിയത്. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കണമെങ്കിൽ ടിആർഎസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയർന്നുവെന്നും ജി. വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി.

ലയന ആവശ്യം മുന്നോട്ടു വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും വേറൊരു പാർട്ടിയിൽ ചേരുകയാണെങ്കിൽ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കൽപിക്കാനാകില്ലെന്നാണ് നിയമം പറയുന്നത്. ആകെ 19 അംഗങ്ങളുള്ളതിൽ പിസിസി അധ്യക്ഷൻ രാജി വച്ചതിനാൽ തെലങ്കാന നിയമസഭയിൽ കോൺഗ്രസിനിപ്പോൾ 18 അംഗങ്ങളാണുള്ളത്. 12 എന്നത് 18-ന്‍റെ മൂന്നിൽ കണ്ട് ഭൂരിപക്ഷത്തിനും കൂടുതലാണ്. 

പക്ഷേ, സ്പീക്കർ എംഎൽഎമാരുടെ ആവശ്യം അംഗീകരിച്ചാൽ കോൺഗ്രസിന് നിയമസഭയിൽ പ്രതിപക്ഷനേതൃപദവി നഷ്ടമാകും. 18-ൽ 12 പേരും കൊഴിഞ്ഞുപോയതോടെ ഇപ്പോൾ കോൺഗ്രസിന്‍റെ അംഗസംഖ്യ വെറും ആറായി ചുരുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് നിയമസഭയിൽ ഏഴംഗങ്ങളുണ്ട്. ബിജെപിക്ക് ഒന്നും. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ്സ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here