ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇനി എട്ടാം ക്ലാസ് ജയിക്കേണ്ട; മറ്റ് വ്യവസ്ഥകള്‍ കര്‍ശനമാക്കും

0
214

ന്യൂഡല്‍ഹി(www.mediavisionnews.in): ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ എട്ടാം ക്ലാസ് ജയം വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനായി 1989- ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും.

ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിംഗ് വൈദഗ്ധ്യ പരിശോധനയ്ക്കായിരിക്കും ഊന്നല്‍. ഡ്രൈവിംഗ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ശനമാക്കും. ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാക്കാനും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും വണ്ടി ഓടിക്കുന്നയാള്‍ക്ക് കഴിയണമെന്നും ഡ്രൈവിംഗ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കണം.

രാജ്യത്ത് നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാന്‍ വേണ്ടിയാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്. ഹരിയാന സര്‍ക്കാരാണ് എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുമ്പോട്ടു വെച്ചത്. ഹരിയാനയിലെ മേവാട്ട് മേഖലയില്‍ നൂറുകണക്കിന് യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here