ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ; മദ്യപിച്ച് വാഹനമോടിച്ചാൽ 2000 രൂപ: നിയമം കര്‍ക്കശമാക്കി മോട്ടോര്‍ വാഹനവകുപ്പ്

0
258

തിരുവനന്തപുരം(www.mediavisionnews.in): ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ആയിരം രൂപയും പിഴയായി ചുമത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. ഇത് ഉള്‍പ്പെടെ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്തുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ചു.

അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടിയും സ്വീകരിക്കാം. മൂന്നു വര്‍ഷത്തിനകം ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാല്‍ 1000 രൂപ പിഴയും അപകടകരമായ രീതിയില്‍ ചരക്ക് കൊണ്ടുപോയാല്‍ 3000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയി മാറും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും വേണം. രജിസ്‌ട്രേഷന്‍ നടത്താത്ത വാഹനം ഓടിച്ചാല്‍ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയില്‍ പിഴയോ ഈടാക്കാം.

മോട്ടോര്‍വാഹന നിയമപ്രകാരം െ്രെഡവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്‌റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here