ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണം; പരിഹസിച്ച് കെ.എം.ഷാജി

0
408

തിരുവനന്തപുരം (www.mediavisionnews.in): പി.ജയരാജനോട് ലോഹ്യം കൂടിയാലും പിണങ്ങിയാലും ആളുകൾ മരിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് കെ. എം.ഷാജി എംഎൽഎയുടെ പരിഹാസം. ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിലാണ് കെ.എം.ഷാജി ഇക്കാര്യം പറഞ്ഞത്. വ്യവസായിയുടെ കുടുംബം പി.ജയരാജനെ സന്ദർശിക്കുകയും ഓഡിറ്റോറിയത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടാൻ കാരണമായത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് പ്രവാസിയുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഒരോ ഫയലും ഓരോ ജീവിതമെന്ന് പറഞ്ഞാണ് പിണറായി ഭരണം തുടങ്ങിയത്, ഇപ്പോള്‍ ഫയലുകളെല്ലാം പൊലീസ് സ്റ്റേഷനിലെത്തിയെന്നും കെ.എം.ഷാജി പരിഹസിച്ചു.

എന്നാൽ പി. ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കേണ്ട എന്ന് മുഖ്യമന്ത്രി സഭയിൽ ഇതിന് മറുപടി നൽകുകയായിരുന്നു. ഇത്തരം ബിംബങ്ങൾ ഉപയോഗിച്ച് ആക്രമണം മുൻപും ഉണ്ടായിട്ടുണ്ട്.അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൊണ്ട് മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.

മുഖ്യമന്ത്രി തന്നെ ബിംബമായി മാറിയിരിക്കുകയാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഗ്രഹങ്ങള്‍ ആരാണെന്നും വിഗ്രഹഭഞ്ജകര്‍ ആരാണെന്നും എല്ലാവര്‍ക്കുമറിയാമെന്നും ബിനോയ് കോടിയേരി വിഷയം പരാമര്‍ശിച്ച് ചെന്നിത്തല പറഞ്ഞു. ആന്തൂർ വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ നിര്‍ത്തിവച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here