‘കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് മുസ്‌ലീങ്ങള്‍ അവസാനിപ്പിക്കൂ’;പെഹ്ലുഖാനെതിരെയുള്ള നടപടി കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ആണെന്ന് ഒവൈസി

0
457

ന്യൂദല്‍ഹി (www.mediavisionnews.in): ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹ്ലുഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

പെഹ്ലുഖാന്‍ അക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടിയില്‍ അശോക് ഖെഹ്ലോട്ട് സര്‍ക്കാരിനെ എതിര്‍ക്കേണ്ടതാണെന്നും ഒവൈസി പറഞ്ഞു.

‘നിങ്ങളെ എപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ രാജസ്ഥാനിലെ മുസ്‌ലീ
ങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അധികാരത്തില്‍ വരുമ്പോഴെല്ലാം അവര്‍ ബി.ജെ.പിയുടെ തനിപ്പകര്‍പ്പായി മാറുന്നു. എന്നാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നു, അധികാരത്തിലെത്തിയാല്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് അവര്‍ ചെയ്യുന്നത്. ‘ഒവൈസി പറഞ്ഞു.

രാജസ്ഥാന്‍ കന്നുകാലി സംരക്ഷണ നിയമത്തിലെ വകുപ്പ് അഞ്ച്, എട്ട്, ഒമ്പത് പ്രകാരമാണ് പെഹ്ലു ഖാനും അദ്ദേഹത്തിന്റെ മകനും എതിരെ കേസെടുത്തത്. പശുമോഷണമാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് പെഹ്ലു ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറാക്കിയത്. മെയ് 29ന് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പെഹ്ലുഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരും പെഹ്ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊലക്കേസില്‍ പെഹ്ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here