കത്വ കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവ്

0
193

പഠാൻകോട്ട്  (www.mediavisionnews.in) :  കത്വ കൂട്ട ബലാത്സംഗക്കേസിൽ മൂന്ന് പ്രതികൾക്ക്  ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത  മുഖ്യപ്രതി  സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത്  പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത,  സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്. 

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. 

മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറ‌ഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.  

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here