ഉപ്പള (www.mediavisionnews.in): അല്‍താഫ് വധക്കേസില്‍ പ്രതികളെ സഹായിച്ചവരും കുടുങ്ങുമെന്ന് പൊലീസ്. പ്രതികള്‍ക്ക് ചിലര്‍ പണവും മറ്റും നല്‍കി സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതിന് ശേഷം ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രമേ പ്രതികളെ സഹായിച്ചവര്‍ ആരൊക്കെയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പ് പറഞ്ഞു.
അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയ കാര്‍ കൂടാതെ വെട്ടേറ്റ നിലയില്‍ ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ പ്രതികള്‍ക്ക് മറ്റൊരുകാര്‍കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഈ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സൂചന.
പ്രതികള്‍ക്ക് കര്‍ണ്ണാടകയിലെ പല ക്രിമിനല്‍ കേസുകളിലെയും പ്രതികളുമായി ബന്ധമുള്ളതിനാല്‍ ഇവര്‍ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഷബീറിന് 15 ദിവസം മുമ്പ് പൈക്ക സ്വദേശിയായ യുവാവ് ഒരുകാര്‍ വാടകയ്ക്ക് വാങ്ങി നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മറ്റൊരാളില്‍ നിന്ന് കാര്‍ വാടകയ്ക്ക് വാങ്ങി മുഖ്യപ്രതി ഷബീറിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതികള്‍ ഉപയോഗിച്ച മറ്റൊരു കാറിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.