സഊദി വിമാനത്താവളത്തില്‍ വീണ്ടും ഹൂതി ആക്രമണം: ഒരാള്‍ മരിച്ചു; ഇന്ത്യക്കാരടക്കം 21 പേര്‍ക്ക് പരുക്ക്

0
467

റിയാദ് (www.mediavisionnews.in): സൗദിയിലെ അബ്ഹ സിവിലിയന്‍ എയര്‍പോര്‍ട്ടിനുനേരെ ഹൂതി വിമതരുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഇന്ത്യക്കാരുമുണ്ട്.

ഞായറാഴ്ചയായിരുന്നു സംഭവം. തെക്കന്‍ സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ എയര്‍പോര്‍ട്ടുകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഹൂതികള്‍ നടത്തുന്ന അല്‍മസിറാ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഇറാനിയന്‍ പിന്തുണയുള്ള ഹൂതി സൈന്യം അബ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തീവ്രവാദി ആക്രമണം നടത്തി. ഒരു സിറിയന്‍ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.’ സൗദി വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ സൗദി സഖ്യം അറിയിച്ചു.

അബ്ഹ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിലാണ് ഡ്രോണ്‍ ഇടിച്ചതെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈമാസം ആദ്യം ഇതേ എയര്‍പോര്‍ട്ടില്‍ ഹൂതി മിസൈലുകള്‍ ഇടിച്ചിരുന്നു. 26 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്.

വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്.

യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് യു.എന്‍ പറയുന്നത്. 65% മരണങ്ങളുമുണ്ടായത് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here